പാണത്തൂർ: പൂടങ്കല്ല്-ബളാൽ റോഡ് യാത്രക്കാരുടെ നടുവൊടിക്കുന്നു. എം.എൽ.എ ഫണ്ടിൽ നിന്നും 2.04 കോടി രൂപ ചെലവഴിച്ച് 12 വർഷം മുൻപ് നിർമ്മിച്ച റോഡ് മുഴുവനായും തകർന്ന നിലയിലാണ്. റോഡിന്റെ ശോചനീയാവസ്ഥ മൂലം ബസ് സർവീസ് പോലും നിർത്തലാക്കി. ഇതുമൂലം സ്കൂളുകളിലേക്കും കോളേജിലേക്കും പോകുന്ന നൂറുകണക്കിന് കുട്ടികളാണ് ദുരിതത്തിൽ ആയത്.
പാലമുൾപ്പെടെ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി എട്ട് കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ മാസങ്ങൾ പിടിക്കും. പഞ്ചായത്ത് ഇടപെട്ട് അതുവരെയുള്ള യാത്ര ദുരിതം പരിഹരിക്കുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കനത്ത മഴയിൽ റോഡിന്റെ ഒരു ഭാഗം പൂർണമായും ഒലിച്ചു പോയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ കണ്ണടയ്ക്കുകയാണ് അധികാരികൾ.
പൂടങ്കല്ല് ആശുപത്രി റോഡ്
ഏഴോളം ഉന്നതി കുടുംബങ്ങളും 12 ഓളം എൻഡോസൾഫാൻ ബാധിതരും പൂടങ്കല്ല് താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന പ്രധാന റോഡാണിത്. അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്താൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാട്ടുകാർ പഞ്ചായത്ത് ഓഫീസിനു മുൻപിൽ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.