പേരാവൂർ: വളർത്തുനായയെ അജ്ഞാത ജീവി പിടിച്ചു. തോലമ്പ്ര താറ്റിയാട് ചട്ടിക്കരിയിലെ പാറടിയിൽ ജോസിന്റെ ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട വളർത്തുനായയെയാണ് അജ്ഞാത ജീവി പിടിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് വളർത്തുനായയെ കാണാതായത്. വളർത്തുനായയുടെ കരച്ചിൽ കേട്ടെങ്കിലും രാത്രിയായതിനാൽ വീട്ടുകാർ പുറത്തിറങ്ങി പരിശോധന നടത്തിയില്ല. രാവിലെ പുലിയുടേതു പോലെയുള്ള കാല്പാടുകൾ കണ്ടെത്തി. തുടർന്ന് വളർത്തുനായയെ വലിച്ചുകൊണ്ടു പോയ വഴികളിലൂടെ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് വീടിന് അര കിലോമീറ്റർ അകലെയായി വനാതിർത്തിയിൽ നായയുടെ ജഡം കണ്ടെത്തിയത്. കഴുത്തിന്റെ ഭാഗവും വയറിന്റെ ഒരു ഭാഗവും ഭക്ഷിച്ച നിലയിലായിരുന്നു. വനപാലകരും പൊലീസും പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലനും, വെള്ളർവള്ളി വില്ലേജ് ഓഫീസർ രാജീവനും സ്ഥലത്തെത്തി. കാല്പാടുകളും വളർത്തുനായയുടെ ജഡം കണ്ടെത്തിയ സാഹചര്യവും പരിശോധിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർ നായയെ പിടിച്ചത് പുലിയാകാമെന്ന നിഗമനത്തിലാണ്. സംഭവം അറിഞ്ഞ് നിരവധി ആളുകളും സംഭവസ്ഥലത്ത് എത്തിച്ചേർന്നിരുന്നു.