തൃക്കരിപ്പൂർ: തൃക്കരിപ്പൂർ റെയിൽവേ പാർക്കിംഗ് ഏരിയയിൽ പാർക്കു ചെയ്ത കാറിന്റെ ബാറ്ററി മോഷ്ടിച്ച രണ്ടു പ്രതികളെ ചന്തേര പൊലീസ് പിടികൂടി. പിലിക്കോട് മേൽ മട്ടലായിലെ കെ.റോബിൻ ( 25 ), എ.ഷനിൽ (28) എന്നിവരെയാണ് പിടികൂടിയത്. ചന്തേര എസ്.ഐ പി.വി.രഘുനാഥിന്റെ നേതൃത്വത്തിലുള്ള സജിത്ത് പടന്ന, ഹരീഷ് കുമാർ, ഷൈജു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
നടക്കാവിൽ താമസക്കാരനായ കാസർകോട് റെയിൽവേ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഷംസീറിന്റെ കാറിന്റെ ഡോർ ചില്ലുകൾ തകർത്താണ് പ്രതികൾ മോഷണം നടത്തിയത്. രണ്ടു ദിവസം മുൻപാണ് സംഭവം. സ്റ്റേഷന് മുന്നിൽ കാർ പാർക്ക് ചെയ്ത് ഡ്യൂട്ടിക്ക് പോയതായിരുന്നു. വൈകീട്ട് തിരിച്ചു വന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെടുന്നത്. പ്രദേശത്ത് സി.സി.ടി.വി. ഇല്ലാത്തതിനാൽ പ്രതികളെ തിരിച്ചറിയുക എളുപ്പമായിരുന്നില്ല. പക്ഷെ പരിസരങ്ങളിലെ സി.സി.ടി.വി പരിശോധിക്കുകയും സംശയകരമായ സാഹചര്യത്തിൽ യാത്രചെയ്ത ഒരു കാറിനെ കണ്ടെത്തുകയും അത് തിരിച്ചറിയുകയും ചെയ്തതോടെയാണ് പ്രതികൾ പിടിയിലാകുന്നത്.
ആ കാറിൽ യാത്ര ചെ യ്തിരുന്ന രണ്ടു ചെറുപ്പക്കാരെ കണ്ടെത്തി ചോദ്യം ചെയ്തതോടെ അവർ കുറ്റം സമ്മതിക്കുകയായിരുന്നു. റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയയിൽ നിന്ന് നിരവധി വാഹനങ്ങളുടെ ബാറ്ററികൾ നേരത്തെ മോഷണം പോയിട്ടുണ്ട്. പെട്രോൾ ഊറ്റുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എല്ലാ കുറ്റകൃത്യങ്ങൾക്കും പിറകിൽ ഈ രണ്ടംഗ സംഘമാണെന്ന നിഗമനത്തിലാണ് നാട്ടുകാർ. ഇത്തരം സംഭവം ഇനി ആവർത്തിക്കാൻ ഇടയില്ലെന്ന് ആശ്വസത്തിൽ പൊലീസിന് സല്യൂട്ട് നല്കുകയാണ് ട്രെയിൻ യാത്രക്കാർ.