തലശേരി: എരഞ്ഞോളി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ ഭൗമ വിവര പഞ്ചായത്തായി മാറ്റുന്നതിനുള്ള ഡ്രോൺ മാപ്പിംഗ് ആരംഭിച്ചു. പഞ്ചായത്ത് പരിധിയിലെ നിർമ്മിതികളുടെയും പ്രകൃതി വിഭവങ്ങളുടെയും വിവരങ്ങൾ ശേഖരിച്ച് വിവിധ മാപ്പുകളായി മാറ്റുന്ന സമഗ്ര പദ്ധതിയാണിത്.

ഡ്രോൺ മാപ്പിംഗിലൂടെയും നേരിട്ടുള്ള വിവരശേഖരണത്തിലൂടെയുമുള്ള വിവരങ്ങൾ ജിയോ മാപ്പിംഗ് നടത്തിയാണ് ഭൗമ വിവര സംവിധാനം ഏർപ്പെടുത്തുന്നത്. ജലസ്രോതസ്സുകൾ, റോഡുകൾ, കെട്ടിടങ്ങൾ, തെരുവ് വിളക്കുകൾ, കുടിവെള്ള പൈപ്പുകൾ, വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങൾ, കുളങ്ങൾ, തോടുകൾ, കിണറുകൾ, പാലങ്ങൾ എന്നിവയുടെ വിവരശേഖരണം ഡ്രോൺ ഉപയോഗിച്ച് നടത്തും. കെട്ടിടങ്ങളുടെ വിസ്തീർണം, പൊതുവിവരങ്ങൾ എന്നിവ നേരിട്ടും ശേഖരിക്കും.

കുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ മിനി സ്റ്റേഡിയത്തിൽ വെച്ച് ഡ്രോൺ പറത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ മാപ്പിംഗിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി. വിജു, ജനപ്രതിനിധികളായ സി.കെ. ജെസ്ന, കെ. ഷാജി, പി.പി. ഷീന, പി. ഷിംജിത്, പി. പ്രീത, വി.കെ. നിമിഷ, എം.കെ. സുസ്മിത, കെ. സിന്ധു, കെ. ഷീജ, സെക്രട്ടറി ടി.കെ. ജെസിൻ, കാട്യത്ത് പ്രകാശൻ, പ്രൊജക്ട് മാനേജർ എൻ.എസ്. അനുശ്രീ, കെ.എം. അജീഷ്, നിധിൻ എന്നിവർ സംസാരിച്ചു.

വിരൽതുമ്പിൽ വിവരങ്ങൾ

പദ്ധതി പൂർത്തിയാകുന്നതോടെ പഞ്ചായത്തിലെ മുഴുവൻ വിവരങ്ങളും ലഭ്യമാകുന്ന ഒരു വെബ് പോർട്ടലും പ്രവർത്തനക്ഷമമാകും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പ്രൊജക്ട് നിർവഹണ ചുമതല.