കണ്ണൂർ: ജില്ലയിലെ ലഹരിക്കേസുകൾക്ക് കുറവില്ല. ലഹരി സംഘങ്ങളെ പൂട്ടാൻ എക്സൈസും പൊലീസും കിടഞ്ഞ് പരിശ്രമിക്കുമ്പോഴാണ് ഇങ്ങനെയൊരു സ്ഥിതി. എന്നാൽ,​ എല്ലാ ദിവസവും ഓരോ കേസിലെങ്കിലും പ്രതികൾ പിടിയിലാകുന്നത് വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടലാണെന്നാണ് എക്സൈസ് പറയുന്നത്.

വാരത്ത് വച്ച് പത്ത് ഗ്രാം മെത്താഫിറ്റമിനുമായി ഇരുക്കൂർ സ്വദേശി കെ.ഹാഷിം ഇന്നലെ പിടിയിലായിരുന്നു. ബർണശേരിയിൽ 2.79 ഗ്രാം ബ്രൗൺഷുഗറുമായി എം.രഞ്ജിത്തെന്ന യുവാവാണ് കഴിഞ്ഞ ദിവസം പിടിയിലായത്. വാഹനത്തിൽ കടത്തികൊണ്ടുവരുകയായിരുന്ന 26.851 ഗ്രാം എം.ഡി.എം.എ യുമായി ചെങ്ങളായിലെ കെ.കെ.റാഷിദിനെ ചെങ്ങളായി കോട്ടപ്പറമ്പിൽ നിന്നും വ്യാഴാഴ്ച പിടികൂടിയിരുന്നു. ബുധനാഴ്ച ഏഴ് കിലോ കഞ്ചാവുമായി പരിയാരം സ്വദേശികളായ യുവാക്കളെ കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ നിന്നും വാഹന പരിശോധനയ്ക്കിടെ പിടികൂടി. തമ്പിലാൻ ജിൻസ്ജോൺ, അഭിനവ് എന്നിവരാണ് പിടിയിലായത്. തളിപ്പറമ്പ്,​ പയ്യന്നൂർ പ്രദേശങ്ങളിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണിവരെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച കണ്ണപുരത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച 6.99 ഗ്രാം എം.ഡി.എം.എ യുമായി കെ.കണ്ണപുരം സ്വദേശി അൻഷാദ് പിടിയിലായിരുന്നു.

അറസ്റ്റിലായത് 1700 പേർ

ജില്ലയിൽ ഒരു വർഷത്തിൽ 6455 കേസുകളിൽ 1700 പേരെയാണ് അറസ്റ്ര് ചെയ്തത്. പിടിയിലായവർ കൂടുതലും യുവാക്കളും വിദ്യാർത്ഥികളുമാണ്. ഇതിൽ 1351 അബ്കാരി കേസും, 597 മയക്കുമരുന്ന് കേസും 4507 പുകയില കേസുമാണ് രജിസ്റ്റർ ചെയ്തത്. അബ്കാരി കേസുകളിൽ 1101 പേരെയും മയക്കുമരുന്ന് കേസുകളിൽ 599 പേരെയുമാണ് അറസ്റ്റ് ചെയ്തത്. 75 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് ഇടപാടുകാരിൽ നിന്ന് 34,70,000 രൂപയും പിടികൂടിയിട്ടുണ്ട്.

കുറ്റം ആവർത്തിക്കുന്നു

ഒരു തവണ പിടിയിലായവർ ശിക്ഷ കഴിഞ്ഞിറങ്ങിയാൽ പിന്നെയും തെറ്റ് ആവർത്തിക്കുന്നതാണ് പ്രധാന പ്രശ്നമായി എക്സൈസുൾപ്പെടെ വിലയിരുത്തന്നത്. പിടിയിലായവർ ജാമ്യത്തിലിറങ്ങിയാൽ ഈ പ്രവൃത്തി തന്നെ തുടരും. നിയമത്തിലെ പഴുതുകളാണ് ഇത്തരക്കാർ മുതലെടുക്കുന്നതെന്നും ആക്ഷേപമുണ്ട്. ജില്ലയിൽ കാപ്പയുൾപ്പെടെ ലഹരിക്കാർക്കെതിരെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബ്രൗൺ ഷുഗറുമായി പിടിയിലായയാൾ മുൻ കാപ്പ കേസ് പ്രതിയായിരുന്നു.