കണ്ണൂർ: പി.എം ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ ഒപ്പുവച്ച് കേരളത്തിന്റെ മതേതര പാരമ്പര്യം പിണറായി സർക്കാർ തൂക്കിവിറ്റുവെന്ന് മുൻ എം.എൽ.എയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി. അൻവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പിണറായിയെ താഴെയിറക്കി നാടിന്റെ മതേതര നിലപാട് സംരക്ഷിക്കാൻ പ്രതിപക്ഷ നേതാവിനൊപ്പം ഏതു ത്യാഗവും നഷ്ടവും സഹിച്ച് നിൽക്കാൻ തയ്യാറാണെന്ന് പി.വി. അൻവർ വ്യക്തമാക്കി. വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫിനൊപ്പം നിന്ന് പിണറായിസത്തെ താഴെയിറക്കാൻ സാധിക്കുന്നതെല്ലാം ചെയ്യും. 110 സീറ്റിൽ കൂടുതലോടെ യു.ഡി.എഫ് അധികാരത്തിൽ വരുമെന്നാണ് തന്റെ പ്രവചനമെന്ന് അൻവർ കൂട്ടിച്ചേർത്തു.
ഉപതെരഞ്ഞെടുപ്പിൽ വി.ഡി. സതീശനെതിരെ ഉയർത്തിയ നിലപാടല്ല ഇപ്പോൾ സ്വീകരിക്കുന്നതെന്നും, കേരളത്തിന് ഏറ്റവും വലിയ ഭീഷണി സതീശനിസത്തേക്കാൾ പിണറായിസമാണെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫിനെ പിന്തുണയ്ക്കാൻ തൃണമൂൽ കോൺഗ്രസിന് യാതൊരു വ്യവസ്ഥകളുമില്ലെന്നും അൻവർ പറഞ്ഞു.
മുഖ്യമന്ത്രിയെയും പാർട്ടിയെയും ഈ ദുരവസ്ഥയിലെത്തിച്ചത് പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ കുടുംബത്തെ കേസുകളിൽനിന്ന് രക്ഷിക്കാനാണ് പി.എം ശ്രീയിൽ ഒപ്പുവച്ചത്. പി.എം ശ്രീയിൽ സി.പി.ഐ എന്തു നിലപാട് സ്വീകരിക്കുമെന്ന കാര്യം 27ന് അറിയാമെന്നും, അതിനുശേഷം അക്കാര്യത്തിൽ പ്രതികരിക്കാമെന്നും അൻവർ പറഞ്ഞു.