
കണ്ണൂർ: യു.ഡി.എഫ് ഭരണത്തിലുണ്ടായിരുന്ന വളപട്ടണം സർവീസ് സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി. എട്ട്
ഡയരക്ടർമാർ രാജിവച്ചതിനെ തുടർന്നുണ്ടായ ഭരണസ്തംഭനം ഒഴിവാക്കാനാണ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ച് ജില്ലാ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ ഉത്തരവിറക്കിയത്.
ബി.പി സിറാജുദ്ദീൻ കൺവിനറും പി.സി ഷുക്കൂർ, കെ.ആർ അയൂബ് എന്നിവർ മെമ്പർമാരുമായ അഡ്മിനിസ്ട്രേറ്റീവ് സമിതിയെയാണ് എം.കെ സൈബുന്നീസയുടെ ഉത്തരവ് പ്രകാരം നിയമിച്ചത്.അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചുമതല ഏറ്റെടുത്ത് ആറുമാസത്തിനകം ബാങ്ക് തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിക്ക് ചുമതല കൈമാറണമെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.
വായ്പ കുടിശ്ശിക കോടി കൾ പിന്നിട്ടതോടെയാണ് ബാങ്ക് ഭരണം പ്രതിസന്ധിയിലായത്.നിക്ഷേപകർ പണം പിൻവലിക്കാൻ എത്തുമ്പോൾ നൽകാൻ പോലും പണമില്ലാതെ പ്രയാസപ്പെടുകയായിരുന്നു ഭരണസമിതിയും ജീവനക്കാരും. ഇത് നിത്യ സംഭവമായതോടെയാണ് എട്ട് ഡയറക്ടർമാർ രാജി വെച്ചത്. ക്രമവിരുദ്ധമായി നൽകിയ വായ്പകളാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്.