കാഞ്ഞങ്ങാട്: എക്‌സ്‌ റേ ഫിലിമുകൾക്ക് ക്ഷാമമായതോടെ ജില്ലാ ആശുപത്രിയിൽ ഇമേജുകൾ അയക്കുന്നത് രോഗികളുടെ മൊബൈൽ ഫോണിലേക്ക്. രോഗികളുടെ എക്‌സ്‌ റേ പരിശോധനക്ക് ശേഷം ഇമേജുകൾ ആശുപത്രിയിലെ കമ്പ്യൂട്ടറുകളിലേക്കും രോഗികളുടെ മൊബൈൽ ഫോണിലേക്കും കോപ്പികൾ അയക്കുകയാണ് ചെയ്തുവരുന്നത്. ഈ ചിത്രങ്ങൾ പരിശോധിച്ചാണ് ഡോക്ടർമാർ ചികിത്സ നിശ്ചയിക്കുന്നത്. കമ്പ്യൂട്ടർ സ്ക്രീനിലും മൊബൈലിലും കാണുന്ന ചിത്രങ്ങൾ ഇഷ്ടാനുസരണം വലുതാക്കി പരിശോധിക്കാമെന്നതിനാൽ പൊതുവേ ഡോക്ടർമാർക്കോ രോഗികൾക്കോ വലിയ ബുദ്ധിമുട്ടില്ലെങ്കിലും ഇതുമായി മറ്റാശുപത്രികളിൽ ചെല്ലാനാവുന്നില്ലെന്നാണ് പരാതി.

മറ്റാശുപത്രികളിൽ ചെന്ന് പരിശോധന നടത്തുമ്പോൾ പലരും വീണ്ടും എക്‌സ്‌റേ എടുക്കാൻ ആവശ്യപ്പെടുന്നുണ്ടെന്ന് രോഗികളുടെ ബന്ധുക്കൾ പറയുന്നു. ജില്ലാ ആശുപത്രിയിൽ എക്‌സ്‌ റേ ഫിലിം സ്റ്റോക്ക് തീരാറായ കാര്യം നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നതായി ആശുപത്രി അധികൃതർ പറയുന്നു. എന്നാൽ ഫിലിം സപ്ലൈ ചെയ്യാൻ കരാർ ഏറ്റെടുത്ത സ്ഥാപനത്തിൽ നിന്ന് ഇതുവരെ പുതിയ സ്റ്റോക്ക് എത്താത്തതാണ് പ്രശ്‌നമായത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ പുതിയ സ്റ്റോക്ക് എത്തിക്കാമെന്ന് സ്ഥാപന അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. ഗുരുതരമായ പരിക്കുകളോ എല്ലുകൾക്ക് ക്ഷതമോ സംഭവിച്ച കേസുകളിൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അവശേഷിക്കുന്ന ഫിലിം ഉപയോഗിച്ച് എക്‌സ്‌ റേ പ്രിന്റ് നൽകുന്നുണ്ട്. ചെറിയ ക്ഷതങ്ങളുമായി ബന്ധപ്പെട്ടു മാത്രമാണ് എക്‌സ്‌ റേ ഇമേജുകൾ രോഗികളുടെ മൊബൈലിലേക്ക് പകർത്തി നൽകുന്നതെന്ന് ആശുപത്രി അധികൃതർ പറയുന്നു.

പ്രതിദിനം എത്തുന്നത് 80 പേർ

ജില്ലാ ആശുപത്രിയിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്‌സ്‌റേ കേന്ദ്രത്തിൽ പ്രതിദിനം ശരാശരി എൺപതോളം പേര് എക്‌സ്‌റേ പരിശോധനയ്ക്കായി എത്തുന്നുണ്ട്. ബി.പി.എൽ വിഭാഗത്തിൽ പെടുന്നവർ 30 രൂപയും അല്ലാത്തവർ 100 രൂപയും മാത്രമാണ് എക്‌സ്‌റേ എടുക്കാൻ ഫീസ് നൽകേണ്ടത്. സ്വകാര്യ എക്‌സ്‌ റേ കേന്ദ്രങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്ക് തന്നെ 300 രൂപ വരും. എക്സ്റേ ഫിലിം വൈകാതെ എത്തുമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പി. ജീജ പറഞ്ഞു.