കണ്ണൂർ: പ്ലാസ്റ്റിക് ചട്ടികളിൽ നെല്ല് വിളയിച്ച സന്തോഷത്തിലാണ് കൃഷി ഹോബിയായി കൊണ്ടു നടക്കുന്ന പള്ളിക്കുന്നിലെ കർഷകനായ സംപ്രീത്. കഴിഞ്ഞ വർഷം കോർപറേഷൻ പള്ളിക്കുന്ന് കൃഷിഭവൻ മികച്ച കർഷകനുള്ള അവാർഡ് നൽകി ആദരിച്ചിരുന്ന സംപ്രീത് 24 പ്ലാസ്റ്റിക്ക് ചട്ടികളിലാണ് കഴിഞ്ഞ ജൂൺ മാസം ഒടുവിൽ ഞാറ് നട്ടുവളർത്തിയത്. ഈ മാസമൊടുവിൽ പാകമായ നെല്ല് കൊയ്തെടുക്കുന്നതിനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.
മയ്യിലിലെ വിജേഷിൽ നിന്നും വാങ്ങിയ ഉമ ഇനത്തിൽപ്പെട്ട ഞാറാണ് നെല്ലായി വിളവെടുക്കാൻ പാകത്തിനായത്. വയലുകളിലേതു പോലെ പ്ലാസ്റ്റിക് ചട്ടികളിൽ സദാസമയവും വെള്ളം കെട്ടി നിർത്തിയുള്ള കൃഷി രീതിയിലാണ് നെല്ല് വിളയിച്ചെടുത്തത്. മൂന്ന് മാസ കാലയളവിൽ ഇതിനായി കൂടുതൽ പരിപാലനത്തിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല. കീടങ്ങളിൽ നിന്നുള്ള ശല്യവും നേരിടേണ്ടിവന്നില്ലെന്ന് സംപ്രീത് പറഞ്ഞു. വിളവെടുപ്പിനു ശേഷം ചട്ടുകപ്പാറ വില്ലേജ് മുക്കിലെ കർഷകനായ വാസുദേവനിൽ നിന്നും വാങ്ങിയ ജപ്പാൻ ഇനമായ വയലറ്റ് വാർ നെൽവിത്ത് കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. കൊവിഡിനു മുൻപ് പത്ത് വർഷത്തോളം സമീപത്തെ വയലിൽ സുഹൃത്തുക്കളോടൊപ്പം നെൽകൃഷി ചെയ്തിരുന്നു.
ജലസ്തംഭിനി, ചതുരമുല്ല, വേമ്പാട്, ചമത, ഇടിഞ്ഞിൽ, നാഗവള്ളി, മുഞ്ഞ, തൊഴുകണ്ണി, ഏകനായകം, കൊടുവേലി , കരിവേലി തുടങ്ങി നൂറോളം ആയുർവേദ ചെടികളും തന്റെ കൃഷി തോട്ടത്തിൽ നട്ടുവളർത്തുന്നുണ്ട്. തോട്ടത്തിലെ മറ്റൊരു ആകർഷണമാണ് അഞ്ചു വർഷം പ്രായമായ രുദ്രാക്ഷ വൃക്ഷം. രണ്ടു വർഷം കഴിഞ്ഞാൽ കായ്ക്കാൻ പാകമാവുമെന്ന് അദ്ദേഹം പറഞ്ഞു. കൃഷി ഹോബി ആയി സ്വീകരിച്ച് സംപ്രീത് തൃശൂരിലെ നഴ്‌സറിയിൽ നിന്നും വാങ്ങി നട്ടുവളർത്തിയതാണ് രുദ്രാക്ഷം. വെള്ള, ചുവപ്പ് തുടങ്ങി വിവിധ നിറങ്ങളിലുള്ള താമരയും തോട്ടത്തിലെ ആകർഷണമാണ്. വിവിധ തരത്തിലുള്ള തുളസിച്ചെടികളും ഇയാൾ നട്ടുവളർത്തിയിട്ടുണ്ട്. വിക്‌സിന്റെ മണമുള്ള തുളസി ഇതിലെ പ്രധാനിയാണ്.
അടുത്തയിടെ സമീപത്തെ സ്‌കൂളിൽ നടന്ന എക്‌സിബിഷനിലേക്ക് സംഘാടകർ ആവശ്യപ്പെട്ടതനുസരിച്ച് ആയുർവേദ ചെടികൾ കൊണ്ടുപോയിരുന്നു. ആഫ്രിക്കൻ ഒച്ചിന്റെ ശല്യം തന്റെ കൃഷിക്ക് ഇത്തവണ ഭീഷണിയായി മാറിയെന്ന് സംപ്രീത് പറഞ്ഞു. ഇതു കാരണം ചട്ടികളിൽ വളർത്തിയ താമര ഉൾപ്പെടെയുള്ള ചെടികൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഇത്തരം തടസങ്ങളെയെല്ലാം അതിജീവിച്ച് പുതിയ ഇനങ്ങൾ കണ്ടെത്തി കൃഷി ജീവിതത്തിന്റെ ഭാഗമായി കൊണ്ടുപോവുകയാണ് കൊള്ളിയൻ ഹൗസിലെ 64 കാരനായ സംപ്രീത്. ഭാര്യ ബിന്ദുവിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പൂർണ പിന്തുണയും ലഭിക്കുന്ന ചാരിതാർത്ഥ്യത്തിലാണ് അദ്ദേഹം.