തലശേരി: പട്രോളിംഗ് ഡ്യൂട്ടിയ്ക്കിടെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിർത്തിയിട്ട പിങ്ക് പൊലീസ് വാഹനത്തിന്റെ ഗ്ലാസ് അടിച്ചു പൊളിക്കാനും തടയാൻ ശ്രമിച്ച വനിതാ സിവിൽ പൊലിസ് ഉദ്യോഗസ്ഥയെ ആക്രമിക്കാനും ശ്രമിച്ചെന്ന് പരാതി. സംഭവത്തിൽ യുവാവിനെ യാത്രക്കാരുടെ സഹായത്തോടെ പൊലിസ് പിടികൂടി. വടക്കെ പൊയിലൂരിലെ പാറയുള്ള പറമ്പത്ത് വിപിനെ (40) ആണ് പൊലിസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ബസ് സ്റ്റാൻഡിനരികിൽ നിർത്തിയിട്ടതായിരുന്നു പിങ്ക് പൊലിസ് വാഹനം. പ്രത്യേകിച്ച് പ്രകോപനമൊന്നും ഇല്ലാതെ സ്ഥലത്തെത്തിയ യുവാവ് പൊലിസ് വാഹനത്തിന്റെ ചില്ലിനിടിച്ചു തകർക്കാൻ ശ്രമിച്ചു. വാഹന ഡ്രൈവറായ സിവിൽ പൊലിസ് ഉദ്യോഗസ്ഥ പി.പി മുഹ്സീന വാഹനത്തിൽ നിന്ന് ഇറങ്ങി ഇയാളെ പിടിച്ചു മാറ്റുന്നതിനിടയിൽ ഇവരെയും യുവാവ് കൈയേറ്റം ചെയ്തു. ബഹളം കേട്ടെത്തിയവർ യുവാവിനെ ബലപ്രയോഗത്തിലൂടെ കീഴ്‌പെടുത്തി തടഞ്ഞുവച്ച് കൈമാറുകയായിരുന്നു. സിവിൽ പൊലിസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും വാഹനം തകർക്കാൻ ശ്രമിച്ചതിനുമാണ് കേസടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.