6000 വിദ്യാർത്ഥി പ്രതിഭകൾ പങ്കെടുക്കും
തലശ്ശേരി: കണ്ണൂർ റവന്യൂ ജില്ലാ കേരള സ്‌കൂൾ ശാസ്‌ത്രോത്സവം 30, 31 തീയതികളിലായി തലശ്ശേരിയിലെ വിവിധ സ്‌കൂളുകളിൽ നടക്കും. 6000 ഓളം വിദ്യാർത്ഥി പ്രതിഭകൾ ശാസ്ത്രാഭിരുചികൾ പ്രകടിപ്പിക്കാനായി മേളയിൽ അണിനിരക്കും. 30ന് രാവിലെ 10.30 ന് ബ്രണ്ണൻ ഹയർ സെക്കൻഡറിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ മേള ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
ശാസ്ത്ര മേള: സെന്റ് ജോസഫ് സ്‌കൂൾ, ഗണിത ശാസ്ത്ര, ഐ.ടി. മേള: സേക്രട്ട് ഹാർട്ട്, സാമൂഹ്യ ശാസ്ത്ര മേള: ബി.ഇ.എം.പി., പ്രവൃത്തിപരിചയ മേള: മുബാറക്, സ്‌കിൽ ഫെസ്റ്റിവൽ (വി.എച്ച്.എസ്.ഇ.): ഗവ. എൽ.പി. സ്‌കൂൾ എന്നിങ്ങനെ ആണ് മേള നടക്കുന്ന സ്‌കൂളുകൾ.
ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായുള്ള ശാസ്ത്ര നാടകം ബുധനാഴ്ച ബ്രണ്ണൻ ഹയർ സെക്കന്ററിയിലും എൻ.സി.ഇ.ആർ.ടി. സെമിനാർ ബി.എഡ്. സെന്ററിലും നടക്കും. മത്സരാർത്ഥികൾക്കുള്ള ഭക്ഷണം ഗവ. ഗേൾസ് ഹൈസ്‌കൂളിലാണ് ഒരുക്കുന്നത്. ഇവിടെ പാകം ചെയ്യുന്ന ഭക്ഷണം അതാത് സ്‌കൂളുകളിൽ എത്തിച്ചു നൽകും.
സമാപന സമ്മേളനം വെള്ളിയാഴ്ച വൈകിട്ട് 4.30 ന് ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറിയിൽ തലശ്ശേരി നഗരസഭാ വൈസ് ചെയർമാൻ എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത സമ്മാനദാനം നിർവ്വഹിക്കും. വാർത്താ സമ്മേളനത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി, ഷബാനാ ഷാനവാസ്, വി. സ്വാതി, വി.വി. വിനോദ് കുമാർ, ടി.കെ. സുനീർ, ഇ. ഷൈനേഷ് ചന്ദ്ര എന്നിവർ പങ്കെടുത്തു.