കണ്ണൂർ: പി.എം ശ്രീയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ യു.ഡി.എഫ് പ്രമേയം. സംസ്ഥാന രാഷ്ട്രീയത്തിലെ നിലവിലെ സ്ഥിതിവച്ച് സി.പി.ഐ പ്രമേയത്തെ അനുകൂലിക്കുമോയെന്ന ആകാംഷ നിലനിന്നെങ്കിലും യോഗത്തിലുണ്ടായിരുന്ന സി.പി.ഐ ഏക വനിതാ അംഗം യു.ഡി.എഫ് 'കെണി"യിൽ വീഴാൻ തയ്യാറായില്ല. പ്രമേയത്തെ അനുകൂലിക്കുന്നില്ലെന്ന് അറിയിച്ച കെ.വി.അനിത എന്നാൽ, സി.പി.ഐയുടെ പി.എം ശ്രീക്കെതിരായ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും അറിയിച്ചു. സി.പി.ഐയിലെ മറ്റൊരു അംഗം എൻ. ഉഷ യോഗത്തിലെത്തിയിരുന്നില്ല. യു.ഡി.എഫ് കൗൺസിലർമാരെ നോക്കി ആദ്യം നിങ്ങളുടെ അടി തീർക്കൂവെന്ന ഉപദേശം നല്കിയ കെ.വി അനിത എന്നാൽ, പ്രമേയത്തിൽ വിയോജിപ്പ് എഴുതി നല്കിയില്ല.

മുസ്ലീംലീഗ് അംഗം കെ.പി അബ്ദുൾ റസാഖാണ് പ്രമേയം അവതരിപ്പിച്ചത്. വിദ്യാഭ്യാസ രംഗം കാവിവൽക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ പദ്ധതിയിൽ ഒപ്പുവച്ചതെന്ന് പ്രമേയം അവതരിപ്പിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷൻ സുരേഷ്ബാബു എളയാവൂർ പ്രമേയത്തെ പിന്താങ്ങി സംസാരിച്ചു. പ്രമേയത്തെ എതിർത്തുകൊണ്ട് സി.പി.എം കൗൺസിലർമാരും ബി.ജെ.പി അംഗവും ഒരുപോലെ ആഞ്ഞടിച്ചതും ഇന്നലെ കൗൺസിൽ യോഗത്തിലെ കൗതുകക്കാഴ്ചയായി.

പി.എം.ശ്രീയിൽ ഒപ്പുവച്ചെന്ന് കരുതി കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് യാതൊരു മാറ്റവുമുണ്ടാവില്ലെന്നും അംഗീകരിക്കാൻ കഴിയാത്ത ഉപാധികൾ എന്തെങ്കിലും കേന്ദ്രം മുന്നോട്ട് വച്ചാൽ ആ ഉപാധികളാണ് എതിർക്കപ്പെടേണ്ടതെന്നും സി.പി.എം കൗൺസിലർ ടി.രവീന്ദ്രൻ പറഞ്ഞു. കേരളത്തിന് പുറമെ മറ്റ് പല സംസ്ഥാനങ്ങളും പദ്ധതിയിൽ ഒപ്പുവച്ചു കഴിഞ്ഞെന്നും ഇത്രമാത്രം ആശങ്ക പരത്തുന്നതെന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ബി.ജെ.പി കൗൺസിലർ വി.കെ.ഷൈജു പറഞ്ഞു. ഇടതുപക്ഷ സർക്കാരിന് ഭരണത്തിന്റെ അവസാന ഘട്ടത്തിലാണ് ബുദ്ധി ഉദിച്ചതെന്നും ഷൈജു അഭിപ്രായപ്പെട്ടു.

കരാർ പുതുക്കുന്നതിൽ വിയോജിച്ച് പി.കെ.രാഗേഷ്

കോർപറേഷൻ ഹരിത കർമ്മസേനയായി പ്രവർത്തിക്കുന്ന നിർമ്മൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കാലാവധി പുതുക്കി നൽകുന്നതിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ.രാഗേഷ് വിയോജിപ്പ് അറിയിച്ചു. കരാർ പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനത്തിന് വീണ്ടും കരാർ അഞ്ച് വർഷത്തേക്ക് കൊടുക്കുന്നത് സുതാര്യതയില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യക്ഷത്തിൽ പോലും ബൈലോ പ്രകാരമുള്ള പ്രധാനപ്പെട്ട കാര്യങ്ങളൊന്നും തന്നെ കമ്പനി നടപ്പിലാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹരിത കർമ്മസേനാ അംഗങ്ങളുടെ വേതനം 18000 രൂപയായി വർദ്ധിപ്പിക്കണമെന്ന് പ്രതിപക്ഷ അംഗം ടി.രവീന്ദ്രൻ അഭിപ്രായപ്പെട്ടു. ഏറ്റവും അഭിമാനാർഹമായ രീതിയിലാണ് കോർപറേഷനിൽ മാലിന്യനിർമാർജനം നടക്കുന്നതെന്ന് ഡെപ്യൂട്ടി മേയർ പി.ഇന്ദിര ചൂണ്ടിക്കാട്ടി. പൂട്ടിക്കിടന്ന വീടുകളിൽ ഹരിത കർമ്മസേന ഫീസ് പിരിക്കുന്നത് ഒഴിവാക്കണമെന്ന് കെ.എം.സാബിറ പറഞ്ഞു. ചർച്ചക്കൊടുവിൽ അഞ്ച് വർഷത്തേക്ക് കമ്പനിക്ക് കരാർ പുതുക്കി നൽകാൻ തീരുമാനിച്ചു.

സി.പി.ഐ എൽ.ഡി.എഫിനോട് ഗുഡ്‌ബൈ പറഞ്ഞ് പുറത്ത് വരണം

സുരേഷ് ബാബു എളയാവൂർ, യു.ഡി.എഫ്


പി.എം ശ്രീ ഒപ്പുവച്ച കോൺഗ്രസ് സംസ്ഥാനങ്ങൾ പിൻമാറാൻ ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കുന്നതാകും നല്ലത്.

കെ.പ്രദീപൻ, സി.പി.എം

പ്രമേയത്തെ അനുകൂലിക്കുന്നില്ല. പി.എം ശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

കെ.വി.അനിത, സി.പി.ഐ