കോഴിക്കോട്: സർക്കാർ അനുമതി വൈകുമെന്ന് ഉറപ്പായതോടെ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായേക്കാവുന്ന പാർക്കിംഗ് പ്ലാസ ഈ വർഷവും ഉയരില്ല. 2019ൽ ടെൻഡർ ക്ഷണിച്ച പദ്ധതിയാണ് ആറുവർഷം പിന്നിട്ടിട്ടും നടപടിക്രമങ്ങൾ പൂർത്തിയാകാതെ ഫയലിലുറങ്ങുന്നത്. കഴിഞ്ഞ കോർപ്പറേഷൻ കൗൺസിലിൽ പ്രതിപക്ഷം അടിയന്തരപ്രമേയം കൊണ്ടുവന്നെങ്കിലും പലവട്ടം ചർച്ച ചെയ്ത വിഷയമാണെന്ന് ചൂണ്ടിക്കാട്ടി മേയർ ബീന ഫിലിപ്പ് അവതരണാനുമതി നിഷേധിച്ചിരുന്നു. ഇതോടെ 30 കോടി മുതൽമുടക്കി നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതി വരുമോ എന്നറിയാത്ത സ്ഥിതിയാണ്. 2022 ലാണ് പാർക്കിംഗ് പ്ലാസ നിർമ്മിക്കുന്നതിനായി മിഠായിത്തെരുവിലെ സത്രം ബിൽഡിംഗ് പൊളിച്ചത്. 2023 ആഗസ്റ്റിൽ പാർക്കിംഗ് പ്ലാസയുടെ തറക്കല്ലിടുമെന്നായിരുന്നു കോർപ്പറേഷന്റെ പ്രഖ്യാപനം. ഇപ്പോൾ അക്കാര്യത്തിലും വ്യക്തതയില്ല. നോവൽ ബ്രിഡ്ജസ് ആൻഡ് ഇൻട്രസ്റ്റ് ഡെവലപിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് കോർപ്പറേഷൻ ടെൻഡർ നൽകിയത്. സത്രം കെട്ടിടം നിന്ന 22.7 സെന്റ് സ്ഥലത്ത് 320 കാറും 184 ബൈക്കും നിർത്തിയിടാൻ കഴിയും വിധമാണ് പദ്ധതി.
പദ്ധതി ഇങ്ങനെ
@ 920 ചതുരശ്ര മീറ്റർ സ്ഥലത്ത് 7579 ചതുരശ്ര മീറ്റർ വരുന്ന കെട്ടിടം
@ 320 കാറും 184 ബൈക്കും നിർത്താം.
@ 30 കോടി മുതൽ മുടക്ക്
പാർക്കിംഗ് തലവേദന
പാർക്കിംഗ് പ്ലാസ ഉയരേണ്ടിടത്ത് മാലിന്യക്കൂമ്പാരവും വാഹനങ്ങളുടെ അലക്ഷ്യമായ പാർക്കിംഗും മൂലം മിഠായിത്തെരുലേക്ക് ജനങ്ങൾ കടക്കാൻ പ്രയാസപ്പെടുകയാണ്. ദിവസേന നൂറുകണക്കിനാളുകൾ കടന്നുപോകുന്ന വഴിയിൽ മഴ പെയ്യുന്നതോടെ ചെളിവെള്ളം പരക്കും. ഇതിനിടയിൽ തോന്നുംപോലെ നിർത്തിയിടുന്ന വാഹനങ്ങളും വഴിമുടക്കുകയാണ്. നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് നിർത്തിയിടാൻ ഒരിഞ്ച് സ്ഥലമില്ലാത്ത സ്ഥിതിയാണ്. വാഹനങ്ങൾ കടന്നുപോകുന്ന വഴിയിൽ കടകളും പാർക്കിംഗും കൂടിയായതോടെ കാൽനടയാത്രക്കാർ ഇടുങ്ങിയ വഴിയിൽ ശ്വാസംമുട്ടുകയാണ്. മാനാഞ്ചിറ, വലിയങ്ങാടി, പാളയം, പുതിയ സ്റ്റാൻഡ് എന്നിവിടങ്ങളിലൊന്നും കൃത്യമായ പാർക്കിംഗ് സംവിധാനമില്ല.
''സർക്കാർ കാര്യങ്ങൾ പലതും പതുക്കെയാണല്ലോ നടക്കുന്നത്. പാർക്കിംഗ് പ്ലാസയുടെ അനുമതി ഉടൻ ഉണ്ടാകുമെന്ന് കരുതാം''- ഡോ.ബീന ഫിലിപ്പ്, മേയർ