super
സൂ​പ്പ​ർ​ ​ലീ​ഗ് ​കേ​ര​ള​യു​ടെ​ ​ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​കോ​ഴി​ക്കോ​ട് ​ഇ.​എം.​എ​സ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ന്ന​ ​ക​രി​മ​രു​ന്ന് ​പ്ര​യോ​ഗം

@ ആവേശത്തേരിൽ കോഴിക്കോട്

കോഴിക്കോട്: സൂപ്പർ ലീഗ് കേരള രണ്ടാം പതിപ്പിന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആവേശക്കൊടിയേറ്റം.

വിജയദശമി ദിനത്തിൽ ആയിരങ്ങളാണ് ഇ.എം.എസ് സ്റ്റേഡിയത്തിൽ ഒഴുകിയെത്തിയത്. ഫുട്ബോളിനെ കോഴിക്കോട്ടുകാർ എങ്ങനെയാണ് നെഞ്ചേറ്റുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമായി കാലിക്കറ്റ് എഫ്സിയും ഫോഴ്സ കൊച്ചിയും തമ്മിലുള്ള ഉദ്ഘാടന മത്സരം. ഫിഫയുടെ അംഗീകൃത പന്തായ സാഹോ കോഴിക്കോടിന്റെ മണ്ണിൽ ഉരുണ്ടതോടെ കാണികളുടെ ആരവംകടലിലെ തിരമാല പോലെ അലയടിച്ചു. യുവ ഫുട്ബോൾ താരങ്ങൾക്ക് പ്രൊഫഷണൽ വേദി നൽകുക, ഭാവിയിലെ താരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൂപ്പർ ലീഗ് ആദ്യ പതിപ്പിനേക്കാൾ ആവേശത്തോടെയാണ് രണ്ടാം പതിപ്പ് കോഴിക്കോട്ടുകാർ ഏറ്റെടുത്തത്.

നഗരം നിശ്ചലമായി

വൈകിട്ട് നാലു മണിയോടെ തന്നെ ഫുട്ബോൾ ആരാധകർ ഇ.എം.എസ് സ്റ്റേഡിയത്തിലേക്ക് എത്തി തുടങ്ങിയിരുന്നു. ഒരു വർഷത്തെ കാത്തിരിപ്പിന്റെ അവസാനം ആഘോഷമാക്കാൻ കോഴിക്കോട്ടുകാർ തീരുമാനിച്ചതോടെ അവധി ദിവസമായിരുന്നിട്ടു കൂടി വലിയ ഗതാഗത സ്തംഭനമാണ് മാനാഞ്ചിറയിലും പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുമുണ്ടായത്.

മനം കവർന്ന കലാസന്ധ്യ

പാട്ടും നൃത്തവുമായി കോഴിക്കോടിനെ ത്രസിപ്പിച്ച കലാസന്ധ്യയായിരുന്നു സൂപ്പർ ലീഗിന്റെ മറ്റൊരു സവിശേഷത. സ്വതസിദ്ധമായ പാട്ടുമായെത്തിയ റാപ്പർ വേടൻ കാണികളെ കൈയിലെടുത്തു. ആകാശത്ത് വർണ വിസ്മയം വാരി വിതറിയും ലൈറ്റ്ഷോ നടത്തിയും തുടക്കം അവിസ്മരണീയമായി. ഷൈജു ദാമോദരന്റെ അനൗൺസ്മെന്റ് ആവേശം ഇരട്ടിയാക്കി. അഹമ്മദ് ദേവർകോവിൽ എം.എൽ.എ, കാലിക്കറ്റ് എഫ്സിയുടെ അംബാസിഡറും സുപ്രസിദ്ധ സിനിമാ താരവുമായ ബേസിൽ ജോസഫ്, കോർപ്പറേഷൻ ഡെ.മേയർ മുസാഫർ അഹമ്മദ്, ബി.കെ മാത്യൂസ്, നവാസ് ബീരാൻ, മാത്യു ജോസഫ് തുടങ്ങിയവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.