ഉദ്ഘാടനം ഈ മാസം മൂന്നാം ആഴ്ച
കോഴിക്കോട്: വ്യാപാരികളുടെയും തൊഴിലാളികളുടെയും എതിര്‍പ്പിനിടെ പാളയം പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ മാസം മൂന്നാം ആഴ്ച ഉദ്ഘാടനം നടക്കുമെന്ന് മേയര്‍ ഡോ. ബീന ഫിലിപ്പും ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാസ്റ്റര്‍പ്ലാനിനു വിധേയമായി വികസനപ്രവര്‍ത്തനം നടത്താനാണ് പാളയം മാര്‍ക്കറ്റ് മാറ്റുന്നത്. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലും കോര്പപ്പറേഷന് ബഡ്ജറ്റിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നതാണ്. അതിനനുസരിച്ചുള്ള മാറ്റങ്ങളാണ് വരുത്തുന്നത്.
മാര്‍ക്കറ്റ് മാറ്റുന്നതിനോടു എതിര്‍പ്പു പ്രകടിപ്പിച്ചിരുന്ന എസ്.ടി.യു, ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു സംഘടനകള്‍ നിലപാടില്‍ മാറ്റംവരുത്തി സഹകരിക്കാന്‍ തയാറായിട്ടുണ്ട്. തൊഴിലാളികളുമായും വ്യാപാരികളുമായുള്ള ചര്‍ച്ചകളില്‍ അവര്‍ ഉന്നയിച്ച മാര്‍ക്കറ്റ് മാറ്റാന്‍ പാടില്ല എന്ന ആവശ്യമൊഴികെ എല്ലാ ആവശ്യങ്ങളും കോര്പ്പറേഷന് അംഗീകരിച്ചിട്ടുണ്ട്.
പുതിയ കെട്ടിടത്തിലുള്ളത്
30 വര്‍ഷം മുമ്പ് കോര്പ്പറേഷന് കൗണ്‍സില്‍ അംഗീകരിച്ചതാണ് ഈ പദ്ധതി. ഒരു വര്‍ഷം മുമ്പാണ് പ്രതിഷേധമുയർന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ചര്‍ച്ചയില്‍ പാളയത്തെ ഫുട്പാത്ത് കച്ചവടക്കാര്‍ക്ക് പുനരധിവാസം ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. പാളയത്തെ ലൈസന്‍സുള്ള കച്ചവടക്കാരെയെല്ലാം പുതിയ കെട്ടിടത്തിലേക്ക് മാറ്റും. നറുക്കെടുപ്പ് പ്രക്രിയ നടന്നുവരികയാണ്. ബി.ഒ.ടി അടിസ്ഥാനത്തിലാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. 380 പേര്‍ക്ക് കച്ചവടം ചെയ്യാനുള്ള സൗകര്യമാണ് കെട്ടിടത്തിലുലുള്ളത്. 156 എണ്ണമാണ് കോര്പ്പറേഷന് അനുവദിച്ചിട്ടുള്ളത്. ബാക്കിയുള്ള മുറികളില്‍ കരാറുകള്‍ കച്ചവടക്കാരെ നിയമിക്കും. കോര്പ്പറേഷന് നിശ്ചയിച്ച വാടക മാത്രമേ അവരില്‍ നിന്ന് ഈടാക്കുകയുള്ളു. രണ്ടു വര്‍ഷത്തേക്ക് വാടക വര്‍ദ്ധനവുണ്ടാകില്ല. മിനിമം 100 ചതുരശ്ര അടിയാണ് ഒരു കച്ചവടക്കാരന് അനുവദിച്ചിട്ടുള്ളതെന്നും പറഞ്ഞു.