മണൽതിട്ടകൾ രൂപപ്പെട്ടതിനെ തുടർന്ന് വീണ്ടും സർവേ
ബേപ്പൂർ: ഹാർബറിന് സമീപം ചാലിയാറിൽ നിറുത്തി വെച്ച ഡ്രഡ്ജിംഗ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഹൈഡ്രോഗ്രാഫിക്ക് സർവേ ഇന്ന് വീണ്ടും തുടങ്ങും. ഏപ്രിൽ 23 ന് ആരംഭിച്ച ഡ്രഡ്ജിംഗ് ജൂണിൽ കനത്ത മഴയെ തുടർന്ന് നിറുത്തി വെക്കുകയായിരുന്നു. ഹാർബറിൽ ഡ്രഡ്ജിംഗ് നടന്ന സ്ഥലത്ത് വീണ്ടും മണൽതിട്ടകൾ രൂപപ്പെട്ടതിനെ തുടർന്നാണ് വീണ്ടും സർവേ നടത്തുന്നത്. ഹാർബറിലെ ലോലെവൽ ജട്ടിയിൽ നിന്ന് കപ്പൽ പൊളി ശാല വരെ 450 മീറ്റർ നീളത്തിലും 100 മീറ്റർ വീതിയിലും 65000 ക്യൂബിക്ക് മീറ്റർ മണലും ചളിയുമാണ് നീക്കം ചെയ്യാനുള്ളത്. നിലവിൽ രണ്ടര മീറ്റർ ഉയരമുള്ള വാർഫിൻ്റെ അടിത്തട്ടിൽ നിന്നും 3 മീറ്റർ താഴ്ചയിലാണ് ഡ്രഡ്ജിംഗ് നടക്കേണ്ടത്. മേയ് അവസാനം വരെ 12000 ക്യൂബിക്ക് ടൺ ചെളിയും മണലുമാണ് നീക്കം ചെയ്തെങ്കിലും കാലവർഷത്തിൽ വീണ്ടും മണലും ചളിയും അടിഞ്ഞു കൂടിയ നിലയിലാണ്. ആറുമാസ കാലയളവിൽ ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെസ്റ്റേൺ ഡ്രഡ്ജിംഗ് കമ്പനിക്ക് 5. 94 കോടിക്കാണ് കരാർ നൽകിയിരുന്നത്. ഹാർബർ എൻജിനീയറിംഗ് ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്തിലാണ് പ്രവൃത്തി നടക്കുന്നത്. മഴക്ക് മുമ്പ് പദ്ധതി പൂർത്തികരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പ്രവൃത്തിയിൽ വാർഫ് ബേസിനിൽ അടിഞ്ഞ മണലും ചളിയും നീക്കുന്നതോടൊപ്പം അടിത്തട്ടിലെ പാറ പൊട്ടിക്കാൻ ഉദ്ദേശിച്ചിട്ടുള്ള കട്ടർ സക്ഷൻ ഡ്രഡ്ജറും എത്തേണ്ടതുണ്ട്.
നീക്കം ചെയ്യാനുള്ളത്
ഹാർബറിലെ ലോലെവൽ ജട്ടിയിൽ നിന്ന് കപ്പൽ പൊളി ശാല വരെ
450 മീറ്റർ നീളത്തിലും 100 മീറ്റർ വീതിയിലും 65,000 ക്യൂബിക്ക് മീറ്റർ മണലും ചളിയും
ഹൈഡ്രോഗ്രഫിക്ക് സർവേ റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ ഡ്രഡ്ജിംഗ് പുനരാരംഭിക്കും
പി.രേഷ്മ, ഹാർബർ എൻജിനീയറിംഗ് ഡിപ്പാർട്ട്മെൻ്റ് എക്സിക്യൂട്ടിവ് എൻജിനീയർ