സംസ്ഥാനത്തെ ഏറ്റവും വലിയ വ്യാവസായിക ഇടനാഴിയായി മാറുകയാണ് ആറുവരിയിൽ നിർമ്മാണം പൂർത്തിയാവുന്ന കോഴിക്കോട് ബൈപാസ്. 28 കിലോമീറ്റർ ദൂരം വരുന്ന വെങ്ങളം - രാമനാട്ടുകര ബൈപാസിന് ചുറ്റുമായി പുതിയൊരു കോഴിക്കോടിന്റെ പുതിയമുഖം രൂപപ്പെടുകയാണ്. തുടങ്ങിവെച്ച വലിയ പദ്ധതികൾ പൂർത്തിയാവുന്നതോടെ നഗരം സമാനതകളില്ലാത്ത വളർച്ച കൈവരിക്കുമെന്നത് തീർച്ച. ദേശീയപാത വികസനത്തോടൊപ്പം വളരുന്ന കോഴിക്കോട് നഗരത്തിന്റെ വികസന കാഴ്ചകൾ തേടുകയാണ് കേരളകൗമുദി. 'വളരുന്ന പാതയും തെളിയുന്ന നഗരവും' പരമ്പര ഇന്നുമുതൽ.
കോഴിക്കോട്: മാളുകൾ, ഐ.ടി പാർക്കുകൾ, റെസിഡൻഷ്യൽ ടൗൺഷിപ്പുകൾ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ, നക്ഷത്ര ഹോട്ടലുകൾ, റെസ്റ്റോറൻറുകൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന കോഫിഷോപ്പുകൾ, റിട്ടെയിൽ ഷോപ്പുകൾ... കോഴിക്കോട് ബൈപാസ് അവസാനിക്കുന്ന രാമനാട്ടുകരയിൽ നിന്നും കാക്കഞ്ചേരി കാലിക്കറ്റ് യൂണിവേഴ്സിറ്റി വരെ കോഴിക്കോട് നഗരത്തിന്റെ തുടർച്ച കാണാം.
ബൈപാസിൽ ഇനി വരാനുള്ളത്
6,000 കോടിയോളം രൂപയുടെ ഇന്ത്യയിലെ ഏറ്റവും വലിയ വേൾഡ് ട്രേഡ് സെൻറർ ആയ ഹൈലറ്റ് വേൾഡ് ട്രേഡ് സെൻറർ
40 ഉം 50 ഉം 60 ഉം നിലകളിലുള്ള 50 ൽ അധികം പദ്ധതികൾ
ലാൻഡ്മാർക്ക് ട്രേഡ് സെൻറർ
ഹൈലൈറ്റ് സിറ്റി ഫേസ്-2, ഫേസ് 3, ഫേസ് 4
ഊരാളുങ്കൽ സൈബർ പാർക്ക് ആൻറ് ഗവ. സൈബർ പാർക്ക് ഫേസ് 2
കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ
നിർദ്ദിഷ്ട മലാപ്പറമ്പ് മൊബിലിറ്റി ഹബ്
പാറോപ്പടി പ്രകൃതി തടാക പദ്ധതി
ഇൻറർ നാഷണൽ സ്കൂളുകൾ
സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ
അന്താരാഷ്ട്ര ഫുട്ബോൾ സ്റ്റേഡിയം
ട്രെംലെറ്റ് ജംഗ്ഷൻ പന്തീരങ്കാവ്
പാലക്കാട് എക്സ്പ്രസ് വേ
കാപ്കോൺ സിറ്റി
ഗാലക്സി സിറ്റി
വരണം മൊബിലിറ്റി ഹബ്
ബൈപാസ് കേന്ദ്രീകരിച്ച് വലിയ വികസനങ്ങൾ വരുമ്പോഴും തുടങ്ങിവെച്ച ചില പദ്ധതികൾ എവിടെയും എത്തിയില്ലെന്നതും പ്രധാനമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മാലപ്പറമ്പ് മൊബിലിറ്റി ഹബ്. ദീർഘദൂര ബസുകൾ നഗരത്തിൽ പ്രവേശിക്കാതെ മലാപ്പറമ്പ് മൊബിലിറ്റി ഹബിൽ യാത്ര അവസാനിപ്പിക്കണമെന്ന നിർദ്ദേശം ഇതുവരെ നടപ്പിലാക്കാൻ അധികൃതർക്കായിട്ടില്ല. കണ്ണൂർ, വയനാട് ഭാഗത്ത് നിന്നും വരുന്ന ബസുകൾക്ക് മലാപ്പറമ്പിലും തൃശ്ശൂർ, പാലക്കാട് ഭാഗത്ത് നിന്നും വരുന്ന ബസുകൾക്ക് രാമനാട്ടുകരയിലോ മീഞ്ചന്തയിലോ മൊബിലിറ്റി ഹബ് സ്ഥാപിച്ചാൽ അത് നഗരത്തിലെ ഗതാഗതകുരുക്കിന് വലിയ ആശ്വാസമാവും.
അടുത്തത്: നഗരം വളരുന്നു: ഗതാഗതകുരുക്കൊഴിയാതെ