road
റോ‍ഡ്

@ ഡി.പി.ആർ.തയ്യാറാക്കാൻ കേന്ദ്രാനുമതി

കോഴിക്കോട്: രാമനാട്ടുകര - കോഴിക്കോട് എയർപോർട്ട് റോഡ് ദേശീയപാതയായി ഉയർത്തുന്നതിന് ഡി.പി.ആർ തയ്യാറാക്കാൻ ദേശീയപാത അതോറിറ്റിയെ ചുമതലപ്പെടുത്തി . സംസ്ഥാനസർക്കാർ സമർപ്പിച്ച പദ്ധതി നിർദ്ദേശം പരിഗണിച്ചാണ് കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നടപടിയെന്ന് പൊതുമരാമത്ത് മന്ത്രി പി .എ മുഹമ്മദ് റിയാസ് അറിയിച്ചു. ഡി.പി.ആർ തയ്യാറാക്കുന്നതിന് ഏജൻസിയെ കണ്ടെത്താനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി ദേശീയപാത അതോറിറ്റി അറിയിച്ചതായും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രഉപരിതല ഗതാഗതമന്ത്രി നിധിൻഗഡ്കരിയെ സന്ദർശിച്ച ഘട്ടത്തിൽ കൂടുതൽ പാതകൾ ദേശീയപാതയായി ഉയർത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. രാമനാട്ടുകര കോഴിക്കോട് എയർപോർട്ട് റോഡിനുള്ള നിർദ്ദേശവും സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിരേഖ തയ്യാറാക്കാൻ നടപടികൾ ആരംഭിക്കുന്നത് . ജനങ്ങളുടെ ദീർഘ കാലത്തെ സ്വപ്നമാണ് ഈ പാതയുടെ വികസനം. പദ്ധതി സാദ്ധ്യമാക്കാൻ സംസ്ഥാന സർക്കാരിന്റെ തുടർച്ചയായ ഇടപെടലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നാല് പുതിയ ദേശീയപാതകൾ കൂടി വികസിപ്പിക്കുന്നതിന് പദ്ധതിരേഖ തയ്യാറാക്കും. കണ്ണൂർ വിമാനത്താവള റോഡ് ( ചൊവ്വ - മട്ടന്നൂർ ) , കൊടൂങ്ങല്ലൂർ -അങ്കമാലി -വൈപ്പിൻ - മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ്, കോതമംഗലം ബൈപാസ്, മൂവാറ്റുപുഴ ബൈപാസ് നിർമ്മാണങ്ങൾക്കുള്ള പദ്ധതിരേഖയും തയ്യാറാക്കുന്നുണ്ട്.

12 കിലോമീറ്റർ വരുന്ന രാമനാട്ടുകര- കോഴിക്കോട് എയർപോർട്ട് റോഡ് നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള ഡി .പി .ആർ ആണ് തയ്യാറാക്കുക. നേരത്തെ എയർപോർട്ട് റോഡ് വികസിപ്പിക്കുന്നതിനുള്ള സാദ്ധ്യതാപഠനം പൊതുമരാമത്ത് വകുപ്പ് നടത്തിയിരുന്നു. ദേശീയ പാത 66ന്റെ വികസനം സാദ്ധ്യമാകുന്ന ഘട്ടത്തിൽ അതുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് എയർപോർട്ട് റോഡ്. ഈ സാഹചര്യത്തിലാണ് എയർപോർട്ട് റോഡും ദേശീയപാത നിലവാരത്തിലേക്ക് ഉയർത്തണമെന്ന് കേരളം ആവശ്യപ്പെട്ടത്.

സാദ്ധ്യതാപഠനത്തിനും തുടർപ്രവർത്തനങ്ങൾക്കും ദേശീയപാത അതോറിറ്റിയ്ക്ക് എല്ലാ പിന്തുണയും നൽകും.

-മന്ത്രി പി .എ മുഹമ്മദ് റിയാസ്