mudaikai
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ആവിഷ്‌കരിച്ച ടൗൺഷിപ്പ് പദ്ധതിയിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനം

കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ആവിഷ്‌കരിച്ച ടൗൺഷിപ്പ് പദ്ധതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 16 മുതൽ പ്രതിദിനം ഏഴ് വീടുകളുടെ വാർപ്പ് നടക്കും. കൂടുതൽ തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുക. നിലവിൽ 7 വീടുകളുടെ കോൺക്രീറ്റ് പൂർത്തിയായി. ഇതിൽ മാതൃകാ വീടിന്റെ നിർമ്മാണം പൂർത്തിയായി നാടിന് സമർപ്പിക്കുകയും ചെയ്തു.
354 വീടുകളാണ് നിലവിൽ 5 മേഖലകളിലായി നിർമ്മാണം പുരോഗമിക്കുന്നത്. 550 തൊഴിലാളികളാണ് പദ്ധതി പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളത്. അടുത്തമാസത്തോടെ 750 തൊഴിലാളികൾ ടൗൺഷിപ്പിൽ പ്രതിദിന ജോലികളിൽ ഏർപ്പെടും. നിലവിൽ 150 ഓളം വീടുകൾ തറ ഭാഗം നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. തൂണുകളുടെ നിർമ്മാണം കഴിഞ്ഞാൽ അടുത്ത ആഴ്ചയോടെ ഇവ വാർക്കാനാകും. അതോടെയാണ് പ്രതിദിനം ഏഴ് വീടുകൾ എന്ന തരത്തിൽ കോൺക്രീറ്റ് നടത്തുക. നിർമ്മാണ സാമഗ്രികൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ടൗൺഷിപ്പ് പദ്ധതി പ്രദേശത്ത് തന്നെ കോൺക്രീറ്റ് മിക്സിംഗ് യൂണിറ്റുംസ്ഥാപിക്കുന്നുണ്ട്. അടുത്താഴ്ച മുതൽ പ്രവർത്തനക്ഷമമാകും. ടൗൺഷിപ്പിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് കോൺക്രീറ്റ് മിക്സിംഗ് യൂണിറ്റ് തുടങ്ങുന്നത്. വീടുകളോടൊപ്പം അനുബന്ധ കെട്ടിടങ്ങളുടെ നിർമ്മാണവും വൈകാതെ ആരംഭിക്കും. മഴ മാറിയാൽ നിർമ്മാണ പ്രവർത്തനങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയും എന്നും ഊരാളുങ്കൽ അധികൃതർ പറയുന്നു. ടൗൺഷിപ്പ് പദ്ധതി പ്രദേശത്തെ റോഡുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. 12 മീറ്റർ വീതിയിലാണ് നിർമ്മാണം നടത്തുന്നത്. 'മണ്ണ് നിരപ്പാക്കി റോഡ് ഒരുക്കി കഴിഞ്ഞു. ഇവിടെ ഇനി ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കും. പദ്ധതി പ്രദേശത്ത് 8 ഉപ റോഡുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. ജനുവരി ആദ്യവാരത്തിൽ ടൗൺഷിപ്പിൽ വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറും. നിർമ്മാണ പുരോഗതി ജില്ലയുടെ ചുമതലയുള്ള മന്ത്രി ഒ.ആർ കേളു വിലയിരുത്തുന്നുണ്ട്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയും നിർമ്മാണ പരോഗതി ഓൺലൈനായി വിലയിരുത്തി. അടുത്താഴ്ച റവന്യൂ മന്ത്രി കെ. രാജൻ പദ്ധതി പ്രദേശം സന്ദർശിക്കും.