necha
മെക്കാനിക്കൽ ഡീസൽ ട്രേഡിൽ ഒന്നാം റാങ്കുകാരനായ പി.ആർ. അഖിൽ ദേവ് ഡൽഹിയിൽ ഇന്നലെ നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു

കൽപ്പറ്റ: ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റിൽ ചരിത്ര വിജയം നേടി കൽപ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ. 38 ലക്ഷം പേർ പരീക്ഷ എഴുതിയതിൽ 95 ശതമാനം വിജയം കരസ്ഥമാക്കി. ദേശീയ തലത്തിൽ കോളേജിൽ നിന്നുള്ള മൂന്ന് പേർക്ക് ഒന്നാം റാങ്ക് ലഭിച്ചു. മെക്കാനിക്കൽ ഡീസൽ ട്രേഡിൽ ഒന്നാം റാങ്കുകാരനായ പി.ആർ. അഖിൽ ദേവ് ഡൽഹിയിൽ ഇന്നലെ നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയിൽ നിന്ന് പുരസ്‌കാരം സ്വീകരിച്ചു. ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിൽ എം.കെ ഫർഹാന ഫാത്തിമ, ഷഹാനാ ഷെറിൻ എന്നിവരും ഒന്നാം റാങ്ക് കരസ്ഥമാക്കി. ഇരുവർക്കും തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പുരസ്‌കാരം നൽകി. എം.കെ ഫർഹാന ഫാത്തിമ, ഷഹാനാ ഷെറിൻ, അഖിൽദേവ് എന്നിവർ
600 ൽ 600 മാർക്ക് നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി. ഐ.ടി.ഐ യിലെ വേദിയിൽ സ്‌ക്രീനിൽ ഓൺലൈനായി അവാർഡ് ദാന ചടങ്ങുകൾ സംപ്രേഷണം ചെയ്തിരുന്നു. നാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ മികവാർന്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്ന് പ്രിൻസിപ്പാൾ എസ്.എൻ ശ്രീജ പറഞ്ഞു. മൂന്ന് പേർ ചേർന്ന് നേടിയ ദേശീയ നേട്ടത്തിനൊപ്പം മറ്റു നേട്ടങ്ങളും ഇത്തവണ ഐ.ടി.ഐക്ക് ഉണ്ടായി. ഫുഡ് ആൻഡ് ബീവറേജ് സർവീസ് അസിസ്റ്റന്റ് ട്രേഡിൽ കെ.എ അഭിഷേക് സംസ്ഥാനതലത്തിൽ ഒന്നാം റാങ്കും ദേശീയതലത്തിൽ രണ്ടാം റാങ്കും ഫുഡ് പ്രൊഡക്ഷൻ ജനറൽ ട്രേഡിലെ ആർ. സിഞ്ചു ദേശീയതലത്തിലും സംസ്ഥാനതലത്തിലും രണ്ടാം റാങ്കും ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡ് വിദ്യാർത്ഥിനി റിഫ്ന റസാഖ് ദേശീയതലത്തിലും സംസ്ഥാനതലത്തിലും മൂന്നാം റാങ്കും കരസ്ഥമാക്കി. കോളേജിൽ നടന്ന അനമോദന യോഗം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡ് കമ്മിറ്റി ചെയർ സി.കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.കെ വത്സല അദ്ധ്യക്ഷ യായിരുന്നു.