മാനന്തവാടി: എടവക പഞ്ചായത്തിലെ എള്ളുമന്ദം ഉൾപ്പെടുന്ന ഭാഗങ്ങളിലെ വയലുകളിൽ പാഷൻ ഫ്രൂട്ട് കൃഷി വ്യാപകമാക്കുന്നത്. എട്ടുമാസം വിളവെടുക്കാമെന്നതും നഷ്ടസാധ്യത കുറവുമായതാണ് പാഷൻ ഫ്രൂട്ട് കൃഷിയിലേക്ക് കർഷകരെ അടുപ്പിക്കുന്നത്. ജില്ലയിൽ അടുത്ത കാലത്തായി പാഷൻ ഫ്രൂട്ട് കൃഷി വ്യാപകമായിട്ടുണ്ടെങ്കിലും വയലുകളിലിത് സാധാരണ കാഴ്ചയായിരുന്നില്ല. കർഷകരും മാറിച്ചിന്തിക്കാൻ തുടങ്ങിയതോടെ വാഴയ്ക്കും നെല്ലിനും ഇടമുള്ള വയലുകളും ഇപ്പോൾ പാഷൻ ഫ്രൂട്ട് കൃഷിയിലേക്ക് വഴിമാറുകയാണ്. നഷ്ട സാധ്യത താരതമ്യേന കുറവ്, എട്ട് മാസത്തോളമുള്ള വിളവെടുപ്പ്, നട്ട് ആറാം മാസം മുതൽ വരുമാനം ലഭിക്കും തുടങ്ങിയ പ്രത്യേകതകളാണ് കർഷകരെ പാഷൻ ഫ്രൂട്ട് കൃഷിയിലേക്കടുപ്പിക്കുന്നത്. എള്ളുമന്ദം പുഞ്ചക്കടവ് ഭാഗത്ത് കള്ളിയാടിയിൽ തോമസാണ് വീടിനു സമീപത്തെ ഒരേക്കറിലേറെ വയൽ പാട്ടത്തിനെടുത്ത് പാഷൻഫ്രൂട്ട് കൃഷിയിൽ വിജയം നേടുന്നത്. മൂന്ന് വർഷം മുമ്പാണ് ഇദ്ദേഹം പാഷൻഫ്രൂട്ട് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ തുടങ്ങിയത്. വലിയ പ്രതിസന്ധിയില്ലാതെ പിടിച്ചു നിൽക്കാമെന്നതാണ് ഇദ്ദേഹത്തിന്റെ അനുഭവം. വയലറ്റ് ഹൈബ്രിഡ് ഇനത്തിലുള്ള പാഷൻഫ്രൂട്ടാണ് ഇദ്ദേഹം കൃഷിയിറക്കിയത്. ഒരേക്കറിൽ കൃഷിയിറക്കാൻ ഏകദേശം രണ്ടു ലക്ഷം രൂപയാണ് മുടക്ക്. കൂടുതൽ ഭാഗങ്ങളിലേക്ക് കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം.