സുൽത്താൻബത്തേരി: ബ്രഹ്മഗിരി സൊസൈറ്റിയുടെ മാംസ സംസ്‌കരണ ഫാകടിറിയുമായി ബന്ധപ്പെട്ട് പണം നിക്ഷേപിച്ചവർ തുകകൾ തിരികെ നൽകണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷസമരം നടത്തുന്നു. ഇതിന്റെ ഭാഗമായി ഈ മാസം 16 ന് ബ്രഹ്മഗിരി സൊസൈറ്റിയുടെ പാതിരിപ്പാലത്തെ ഹെഡ് ഓഫീസിലേക്ക് നിക്ഷേപകർ മാർച്ചും ധർണയും നടത്തും. ഇന്നലെ സുൽത്താൻബത്തേരിയിൽ ചേർന്ന നിക്ഷേപകരുടെ ആക്ഷൻ കമ്മിറ്റി എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞമൂന്ന് വർഷമായിട്ടും നിക്ഷേപകരെന്ന നിലയിൽ ഒരു പരിഗണനയും നൽകാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങുന്നത്. ഒന്നാംഘട്ടമെന്ന നിലയിലാണ് 16 ന് സൊസൈറ്റി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുന്നത്. തുടർന്ന് ഡയറക്ടർമാരുടെയും പ്രമോട്ടർമാരുടെയും വീടുകളിലേക്ക് മാർച്ച് നടത്തും. ഈ സമരപരിപാടികൾകൊണ്ട് നടപടികളൊന്നും ഇല്ലെങ്കിൽ സി.പി.എം പാർട്ടി ഓഫീസിലേക്കടക്കം മാർച്ച് ചെയ്യുനാണ് എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിരിക്കുന്നത്. പ്ലാന്റ് തുറക്കുന്നത് നിക്ഷേപകരെ സംബന്ധിച്ചിടത്തോളം പ്രശ്നമല്ലെന്നും തങ്ങൾ നിക്ഷേപിച്ച പണം തിരികെ കിട്ടണമെന്നും അതുവരെ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനിച്ചതെന്നും ആക്ഷൻകമ്മിറ്റി സെക്രട്ടറി മംഗളൻപറഞ്ഞു.