കോഴിക്കോട്: കോഴിക്കോടിൻറെ നാടകപെരുമയിലെ ശക്തനായ കലാകാരനായിരുന്നു നാടകനടന്‍ വിജയന്‍ മലാപ്പറമ്പ്. കലിംഗ തിയറ്റേഴ്‌സ് ഉള്‍പ്പടെ നിരവധി നാടക ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ച അദ്ദഹം 2011ല്‍ കേരള സംഗീത നാടക അക്കാഡമിയുടെ മികച്ച നടനുള്ള പുരസ്‌ക്കാരം നേടിയിരുന്നു. മലാപ്പറമ്പ് സ്വദേശിയായ വിജയന്‍ 1978ലാണ് നാടകരംഗത്തേക്ക് എത്തുന്നത്. വൃക്കരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിൻറെ അന്ത്യം ഇന്നലെ രാവിലെയായിരുന്നു. മലാപ്പറമ്പ് സ്‌കൂള്‍, സെന്റ് ജോസഫ് ഹൈസ്‌കൂള്‍, ശ്രീനാരായണ കോളെജ് തുടങ്ങി പ്രീഡിഗ്രി വരെയുള്ള വിദ്യാഭ്യാസകാലം മുതല്‍ അമച്വര്‍നാടകവേദികളില്‍ വിജയനുണ്ടായിരുന്നു. പി.എം. താജും നജ്മല്‍ ബാബുവുമായുള്ള അടുത്ത സൗഹൃദമാണ് പ്രൊഫഷണല്‍ നാടകവേദിയിലേക്കുള്ള വാതില്‍ തുറന്നത്. താജിന്റെ പെരുമ്പറയിലൂടെയാണ് തുടക്കം. പിന്നീട് നാടകാചാര്യന്‍ കെ.ടി. മുഹമ്മദിന്റെ കളരിയിലേക്കെത്തി. 1978ല്‍ കെ.ടി. കലിംഗ തിയേറ്റര്‍ രൂപീകരിച്ചപ്പോള്‍ ആദ്യ നാടകമായ നാല്‍ക്കവലയില്‍ നായകനായത് വിജയനായിരുന്നു. കൈനാട്ടികള്‍, അസ്ഥിവാരം, മേഘസന്ദേശം, ദൈവശാസ്ത്രം, ദീപസ്തംഭം മഹാശ്ചര്യം, വെള്ളപ്പൊക്കം, സൃഷ്ടി, ഇതുഭൂമിയാണ്, കാഫര്‍, അപരിചിതന്‍ തുടങ്ങി കെ.ടിയുടെ മിക്കവാറും എല്ലാ നാടകത്തിലും അഭിനയിച്ചു. തുടര്‍ന്ന് ഇബ്രാഹിം വെങ്ങരയുടെ ചിരന്തന, കാലടി ഭരതക്ഷേത്ര, ഷൊറണൂര്‍ സ്വാതി, തിരുവനന്തപുരം ഗായത്രി, ഗുരുവായൂര്‍ ബിന്ദുര, വടകര വരദ, കോഴിക്കോട് സംഘചേതന തുടങ്ങി ഒട്ടേറെ പ്രൊഫഷണല്‍ ട്രൂപ്പുകളുമായി സഹകരിച്ചു.

അങ്കമാലി അഞ്ജലിയുടെ 'മഴമേഘപ്രാവുകള്‍' നൂറോളം സ്റ്റേജുകള്‍ കഴിഞ്ഞു. ഈ നാടകത്തിനാണ് മികച്ച നടനുള്ള പുരസ്‌ക്കാരം ലഭിക്കുന്നത്. ഇബ്രാഹിം വേങ്ങരയുടെ ഏറ്റവും പ്രശസ്തമായ രാജ്യസഭ, വിജയന്റെ നാടക ജീവിതത്തിലെ നാഴികക്കല്ലായിരുന്നു. മുന്നൂറോളം സ്റ്റേജുകളിലാണ് രാജ്യസഭ നിറഞ്ഞു കളിച്ചത്. വേങ്ങരയുടെ ചിരന്തന തിയേറ്റേഴ്‌സിനു കീഴില്‍ ഉപഹാരം, ഒടിയന്‍ തുടങ്ങിയവയും ചെയ്തു. ഇടക്കാലത്ത് പെരുമ്പാവൂരിലെ കൊച്ചിന്‍ കലാസമിതിയില്‍ ബെന്നി.പി നായരമ്പലത്തിന്റെ അയലത്തെ വിശേഷങ്ങളില്‍ അഭിനയിച്ചു. അങ്കമാലി ഭരത ക്ഷേത്ര തിയേറ്റേഴ്‌സിന്റെ കരകുളം ചന്ദ്രന്‍ സംവിധാനം ചെയ്ത ഈശ്വരന്റെ മേല്‍വിലാസം, ഇവിടം സ്വര്‍ഗമാണ് തുടങ്ങിയ നാടകങ്ങളും വിജയനെ കൂടുതല്‍ ജനകീയനാക്കി. ഭരത ക്ഷേത്രയില്‍ നിന്നാണ് സംസ്ഥാന അവാര്‍ഡിന് അര്‍ഹനാക്കിയ അങ്കമാലി അഞ്ജലിയിലേക്ക് പോകുന്നത്. പിന്നീട് പ്രദീപ് റോയിയുടെ മേടപ്പൊന്നും സുനില്‍.കെയുടെ നേരറിയും നേരത്തിലും അഭിനയിച്ചു. കടവ്, ഒരേ തൂവല്‍ പക്ഷികള്‍, പരുന്ത്, കാശ്, ക്യൂ തുടങ്ങിയ സിനിമകളിലും വേഷമിട്ടു.