ബേപ്പൂർ: വിനോദ സഞ്ചാരകേന്ദ്രമായ മറീന ബീച്ചിലെ ത്തുന്നവർക്ക് ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി കൊണ്ടുവന്ന വ്യായാമോപകരണങ്ങൾ അലക്ഷ്യമായി കൂട്ടിയിട്ടതിനെ തുടർന്ന് തുരുമ്പെടുത്ത് നശിക്കുന്നു. ബീച്ചിലെ ഉപ്പ് കാറ്റേറ്റ് തുരുമ്പെടുത്തതിനെ തുടർന്ന് നീക്കം ചെയ്ത ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ച കൂറ്റൻ പൈപ്പുകളാണ് ലക്ഷങ്ങൾ വിലമതിക്കുന്ന പുതിയ വ്യായോമോപകരണങ്ങളുടെ മുകളിലേക്ക് തളളിയിരിക്കുന്നത്. ഉപ്പുരസമുള്ള മണലിൽ കിടക്കുന്നതിനാൽ വ്യായാമോപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കാൻ സാദ്ധ്യത ഏറെയാണെന്നാണ് നാട്ടുകാരും മറ്റും പറയുന്നത്. വ്യായാമോപകരണങ്ങൾ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് ഉപകരണങ്ങൾ അലക്ഷ്യമായി കൂട്ടിയിടേണ്ടി വരുന്നത്. മറീന ബീച്ചിലേക്കുള്ള കവാടത്തിന് സമീപം സ്ഥാപിക്കാനായി നാലു മാസം മുമ്പാണ് സ്പോർട്സ് കേരള ഫൗണ്ടേഷൻ വ്യായാമപകരണങ്ങൾ മറീന ബീച്ചിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ ഓണത്തിന് വ്യായാമോപകരണങ്ങൾ സ്ഥാപിക്കാൻ തൊഴിലാളികൾ എത്തിയെങ്കിലും സ്ഥാപിക്കാൻ കഴിയാതെ തിരിച്ചു പോവുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തുരുമ്പെടുത്ത ഉപകരണങ്ങൾ തിരിച്ച് കൊണ്ടുപോകുവാൻ ടൂറിസം അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.