പുൽപ്പള്ളി: പുൽപ്പള്ളിയിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടിയെ മാതാപിതാക്കളെ കണ്ടെത്തി പൊലീസ് തിരിച്ചേൽപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് പുൽപ്പള്ളി കൂനംതേക്കിൽ വെച്ച് ഹിന്ദി സംസാരിക്കുന്ന അഞ്ചുവയസുകാരനെ നാട്ടുകാർ കണ്ടെത്തുന്നത്. കുട്ടി കരയാൻ തുടങ്ങിയതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. കുട്ടിയിൽ നിന്നും മാതാപിതാക്കളുടെ പേരുകൾ പൊലീസ് ചോദിച്ചറിഞ്ഞു. ഫോൺ നമ്പർ ഉൾപ്പെടെ ലഭ്യമല്ലാത്തതിനാൽ മാതാപിതാക്കളെ കണ്ടെത്താൻ ഏറെ പ്രയാസപ്പെട്ടു. തുടർന്ന് സമൂഹമാദ്ധ്യമങ്ങളിൽ പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു മണിക്കൂറിനുശേഷം മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. ബംഗളൂരു കലാസി പാളയത്ത് നിന്നും വിനോദസഞ്ചാരത്തിന് എത്തിയ സുഹൈൽ പാഷ നൂർജഹാൻ ദമ്പതികളുടെ അഞ്ചുവയസ്സുകാരനായ കുഞ്ഞിനെയാണ് പൊലീസ് രക്ഷിതാക്കളെ കണ്ടെത്തി തിരിച്ചു ഏൽപ്പിച്ചത്. മാതാപിതാക്കളെ കാണാതായതോടെ പരിഭ്രമിച്ച കുട്ടിയെ പൊലീസ് തന്ത്രപൂർവ്വം കയ്യിലെടുക്കുകയായിരുന്നു. പിന്നീട് സമൂഹമാദ്ധ്യമങ്ങളിലെ സന്ദേശം മനസിലാക്കിയ രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിലെത്തി കുട്ടിയെ ഏറ്റുവാങ്ങി. പൊലീസിനും നാട്ടുകാർക്കും നന്ദി പറഞ്ഞാണ് അവർ മടങ്ങിയത്.