ksrtc
കോ​ഴി​ക്കോ​ട് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സ​മു​ച്ച​യം

കോഴിക്കോട്: കോടികൾ മുടക്കി നിർമ്മിച്ച മാവൂർ റോഡ് കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ ബലക്ഷയ പരിശോധന വീണ്ടും തുടങ്ങിയെങ്കിലും ഉടൻ പ്രശ്നപരിഹാരത്തിന് സാദ്ധ്യതയില്ലെന്ന് സൂചന. തൂണുകളുടെ ബലക്ഷയം മാത്രമായി പരിഹരിക്കാനാകില്ലെന്നാണ് എൻജിനിയർമാർ പറയുന്നത്. ഒമ്പതു തൂണുകളിലാണ് ഗുരുതരമായ ബലക്ഷയം ഐ.ഐ.ടി ഉദ്യോഗസ്ഥർ നേരത്തേ കണ്ടെത്തിയത്. 18 കമ്പികൾക്ക് പകരം 12 കമ്പികളേ ഉപയോഗിച്ചിരുന്നുള്ളൂ. തൂണുകൾ ബലപ്പെടുത്തിയാൽത്തന്നെ അത് താങ്ങാൻ അടിത്തറയ്ക്ക് ശേഷിയുണ്ടോ എന്നതാണ് അടുത്ത പ്രശ്നം. അത് പരിശോധിക്കേണ്ടിവരും. രൂപകൽപ്പനയിൽ പോലും പ്രശ്നമുള്ളതിനാൽ കെട്ടിടം പൊളിച്ചുപണിയേണ്ടി വന്നേക്കുമെന്നും സൂചനയുണ്ട്. ഇത് പ്രായോഗികമല്ലാത്തതിനാൽ നിലവിലുള്ള പരിമിതികൾ തുടർന്നേക്കും. ബലക്ഷയം സംബന്ധിച്ച് കഴിഞ്ഞ ദിവസം വിദഗ്ദ്ധസംഘം പരിശോധിച്ചിരുന്നു. തിരുവനന്തപുരം ബാൾട്ടൺഹിൽ ഗവ. എൻജിനിയറിംഗ് കോളേജിലെ അസി. പ്രൊഫ. സി.ജെ. കിരണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കോൺക്രീറ്റിന്റെ സാമ്പിൾ ശേഖരിച്ചു. കമ്പിയും സിമെന്റും മെറ്റലുമടക്കം രൂപകൽപ്പനയിൽ പറഞ്ഞിരിക്കുന്നതുപോലെ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് നോക്കുക. കെട്ടിടത്തിന് താങ്ങാനാകുന്ന ഭാരം എത്രയെന്നും വിലയിരുത്തും. തുടർന്ന് ഇടക്കാല റിപ്പോർട്ട് നൽകും.

തുടക്കം മുതൽ വിവാദം

നിർമ്മാണത്തിന്റെ തുടക്കം മുതൽ വിവാദവുമുണ്ടായിരുന്നു. മൂന്നു വർഷം കൊണ്ട് പൂർത്തിയാക്കേണ്ട നിർമ്മാണത്തിന് ആറു വർഷമെടുത്തു. വാണിജ്യ സമുച്ചയം ലേലത്തിൽപോയത് ഉദ്ഘാടനത്തിന് ശേഷം ആറ് വർഷം കഴിഞ്ഞാണ്. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷത്തിനകം സ്ളാബുകളിൽ വിള്ളലും ചോർച്ചയും കണ്ടു. കെ.ടി.ഡി.എഫ്.സി തന്നെ ക്രമക്കേടിൽ സംശയിച്ച് വിജിലൻസിന് പരാതി നൽകി. തുടർന്നാണ് ഐ.ഐ.ടി. പഠനം നടത്തി ബലക്ഷയം കണ്ടെത്തിയത്. എന്നാൽ സർക്കാർ നിയോഗിച്ച ചീഫ് ടെക്നിക്കൽ എക്സാമിനർ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സമിതി ബലക്ഷയമില്ലെന്നാണ് കണ്ടെത്തിയത്.

കരാറുകാരൻ കോടതിയിൽ

അതിനിടെ ടെർമിനലിലെ കിയോസ്കു‌കളും പരസ്യ ബോർഡുകളും അനധികൃതമാണെന്നും പൊളിച്ചു നീക്കണമെന്നും ആവശ്യപ്പെട്ട് പാട്ടക്കരാറെടുത്ത ആലിഫ് ബിൽഡേഴ്സ‌് കോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങൾക്ക് പാട്ടത്തിന് ലഭിച്ച സ്‌ഥലത്ത് മറ്റുള്ളവർക്ക് കിയോസ്‌കുകൾ അനുവദിക്കുന്നതും പരസ്യ ബോർഡുകൾ സ്‌ഥാപിക്കുന്നതും തടയണമെന്നാണ്

പ്രധാന ആവശ്യം.

ടെർമിനൽ ഇങ്ങനെ

2009 ൽ തറക്കല്ലിടൽ

2015 ൽ ഉദ്ഘാടനം

നിർമ്മാണചെലവ്....75 കോടി

ഉദ്ഘാടനചെലവ് ....38 ലക്ഷം