കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകൾ എഴുതിതള്ളണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും പ്രിയങ്ക ഗാന്ധി എം.പി കത്തയച്ചു. ദുരന്തബാധിതർക്ക് ഉപജീവനമാർഗ്ഗം നഷ്ടമായി. കടബാധ്യതകൾ ജീവിതം കൂടുതൽ പ്രയാസത്തിൽ ആക്കും. അതിനാൽ തന്നെ വായ്പകൾ എഴുതിത്തള്ളാൻ പ്രധാനമന്ത്രി മുൻകൈയെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കർഷകർ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, മറ്റ്‌ സേവനദാതാക്കൾ എന്നിവരുടെ ആസ്തിവകകൾക്ക്‌ കേടുപാടുകൾ സംഭവിക്കുകയോ പൂർണ്ണമായും നശിക്കുകയോ ചെയ്തിട്ടുണ്ട്. കൃഷിഭൂമിയുടെ വലിയൊരു ഭാഗവും കൃഷിയോഗ്യമല്ലാതായി. വലിയ പ്രതീക്ഷകളോടെ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് കൃഷി ചെയ്യുന്നവരെ ഇത് വലിയ കടക്കാരാക്കി മാറ്റിയതായി പ്രിയങ്ക ഗാന്ധി എം.പി. കത്തിൽ ചൂണ്ടിക്കാണിക്കുന്നു. 2005 ലെ എൻ.ഡി.എം.എം നിയമത്തിലെ സെക്ഷൻ 13 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് വായ്പകൾ എഴുതിത്തള്ളാൻ ബാങ്കുകളോട് നിർദ്ദേശിക്കണമെന്ന് പ്രിയങ്ക ഗാന്ധി കത്തിൽ ആവശ്യപ്പെടുന്നു.