കൽപ്പറ്റ: ജില്ലയിലെ സർക്കാർ സ്വകാര്യ ഐ.ടി.ഐകളിൽ നിന്നും ഈ വർഷം കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി സ്‌പെക്ട്രം 25 എന്ന പേരിൽ ജോബ് ഫെയർ സംഘടിപ്പിക്കുമെന്ന് അധികൃതർ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച കൽപ്പറ്റ പുളിയാർമലയിലെ കെ.എം.എം ഐ.ടി.ഐയിൽ വച്ചാണ് ജോബ് ഫെയർ നടക്കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷദ് മരക്കാർ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ മേഖല ജോയിന്റ് സെക്രട്ടറി സുധാ ശങ്കർ മുഖ്യാതിഥിയാകും. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കേരള നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോടെ ഡി.ഡബ്ല്യു.എം.എസ് എന്ന പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തിയാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. മുപ്പതോളം പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കും. ഉദ്യോഗാർത്ഥികൾ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ കെ.കെ. വത്സല (പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ), എസ്.എൻ ശ്രീജ (പ്രിൻസിപ്പാൾ പുളിയാർമല ഐ.ടി.ഐ) ജീവൻ ജോൺസ് (പ്രിൻസിപ്പാൾ ഗവ. ഐ.ടി.ഐ നെൻമേനി) എം. തുളസീധരൻ (പ്രിൻസിപ്പാൾ വെള്ളമുണ്ട ഗവ. ഐ.ടി.ഐ), ബിനു ആന്റണി (പ്രിൻസിപ്പാൾ മാർ അഗ്‌നേഷ്യസ് ഐ.ടി.ഐ), നിസാമുദ്ദീൻ (ഗ്രൂപ്പ് ഇൻസ്ട്രക്ടർ ), ഗിരീഷ് കോഴിക്കൽ (പ്ലേസ്‌മെന്റ് ഓഫീസർ) എന്നിവർ പങ്കെടുത്തു.