മേപ്പാടി: കള്ളാടി ആനക്കാംപൊയിൽ തുരങ്ക പാതയുടെ ഭാഗമായി ഇരുഭാഗങ്ങളിലും റോഡ് നിർമ്മാണം തുടങ്ങി. തുരങ്കം ആരംഭിക്കുന്ന വയനാട് ഭാഗത്തെ കള്ളാടി മീനാക്ഷിയിലും കോഴിക്കോട് ഭാഗത്തെ മറിപ്പുഴയിലുമാണ് റോഡ് നിർമ്മാണം ആരംഭിച്ചത്. മീനാക്ഷിയിൽ 300 മീറ്റർ ദൂരമാണ് തുരങ്ക പാത നിർമ്മിക്കുന്ന പാറയുടെ അടുത്തേക്ക് റോഡ് നിർമ്മിക്കേണ്ടത്. മീനാക്ഷി പാലത്തിന് സമീപത്തു നിന്നും ഒരേസമയം നിരവധി മണ്ണുമാന്തിയന്ത്രങ്ങളുടെ സഹായത്തോടെയാണ് റോഡ് നിർമ്മാണം നടക്കുന്നത്. നീക്കം ചെയ്യുന്ന മണ്ണ് നിർമ്മാണ സാമഗ്രികൾ നിക്ഷേപിക്കുന്ന സ്ഥലത്താണ് നിരത്തുന്നത്. രണ്ട് ഏക്കർ സ്ഥലമാണ് ഇത്തരത്തിൽ നിരത്തിയെടുക്കുന്നത്. വയനാട് ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ സെപ്തംബർ ആദ്യവാരം തന്നെ ആരംഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച മുതലാണ് കൂടുതൽ തൊഴിലാളികൾ ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗത വർദ്ധിപ്പിച്ചത്. ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദുലീപ് ബിൽഡ് കോൺ കമ്പനിയാണ് പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കൂറ്റൻ യന്ത്ര സാമഗ്രികൾ റോഡ് മാർഗ്ഗം എത്തിച്ചു. നൂറോളം തൊഴിലാളികളാണ് വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത്. തൊഴിലാളികൾക്ക് താമസിക്കുന്നതിനായി താത്ക്കാലിക ഷെൽട്ടർ ഒരുക്കിയിട്ടുണ്ട്. കോഴിക്കോടിന്റെ ഭാഗമായ മറിപ്പുഴ ഭാഗത്ത് പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ ഇരുഭാഗത്തുനിന്നും ഒരേസമയം തുരങ്കത്തിന്റെ നിർമ്മാണം ആരംഭിക്കും. അടുത്തമാസം അവസാനത്തോടെ തുരങ്കം നിർമ്മിക്കാനുള്ള കൂടുതൽ യന്ത്രങ്ങൾ എത്തിക്കും. ജനുവരിയോടെ മാത്രമേ തുരങ്കം നിർമ്മാണം ആരംഭിക്കുകയുള്ളൂ. അതിനുമുൻപ് റോഡ് നിർമ്മാണം പൂർത്തിയാക്കും. മലബാറിന്റെ തന്നെ വലിയ വികസന കുതിപ്പിന് കാരണമാകുന്നതാണ് തുരങ്ക പാത. താമരശ്ശേരി ചുരത്തിന് ബദലായി ആവിഷ്‌കരിച്ച തുരങ്ക പാത 2030 ഓടെയാണ് നിർമ്മാണം പൂർത്തിയാവുക.