കൽപ്പറ്റ: സ്‌കൂൾ ലീഡർമാർക്ക് ഭരണസംവിധാനവും ഭരണ നേതൃത്വവും പരിചയപ്പെടുത്താൻ ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിലേക്ക് ഭരണ പഠനയാത്ര സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ വെള്ളമുണ്ട ഏട്ടേനാൽ ലൈബ്രറി പരിസരത്ത് നിന്നും ആരംഭിച്ച യാത്ര വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ ഭരണ സംവിധാനവുമായി നേരിട്ട് സംവദിക്കാനും വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കാനും വിദ്യാർത്ഥികൾക്ക് അവസരമൊരുക്കി. കളക്ടറേറ്റ് എ.പി.ജെ ഹാളിൽ വിദ്യാർത്ഥികൾക്കായി ആസൂത്രണ സമിതി ഉപാദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മാതൃകാ തെരഞ്ഞെടുപ്പ് സജ്ജീകരിച്ചു. ജീവിതത്തിലുടനീളം സാമൂഹ്യ പ്രതിബന്ധത ഉയർത്തിപ്പിടിക്കുമെന്ന് വിദ്യാർത്ഥികൾ വേദിയിൽ പ്രതിജ്ഞയെടുത്തു. ത്രിതല പഞ്ചായത്ത് ഭരണക്രമത്തെയും ജനാധിപത്യ വ്യവസ്ഥ സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശേരി നാരായണൻ വിശദീകരിച്ചു. ആസൂത്രണ സമിതിയുടെ പ്രവർത്തനങ്ങൾ ജില്ലാ പ്ലാനിംഗ് ഓഫീസർ കെ.എ ശ്രീജിത്ത് പരിചയപ്പെടുത്തി. സാമൂഹ്യ മാദ്ധ്യമങ്ങളും മറ്റ് പരമ്പരാഗത മാദ്ധ്യമങ്ങളും എങ്ങനെ വിദ്യാർത്ഥികൾ ഉപയോഗപ്പെടുത്തണമെന്ന് മാദ്ധ്യമ പ്രവർത്തകൻ ജിൻസ് വിശദീകരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ പ്രവർത്തനങ്ങൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് നടപടിക്രമങ്ങളിൽ അവബോധം പകരാൻ ജില്ലാ പഞ്ചായത്ത് ഭരണസമിതി ഹാളിൽ മോക്ക് ഭരണസമിതി തെരഞ്ഞെടുപ്പും യോഗവും സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, എ.ഡി.എം കെ. ദേവകി, ജില്ലാ പൊലിസ് മേധാവി തപോഷ് ബസുമതാരി എന്നിവരുമായി വിദ്യാർത്ഥികൾ സംവദിച്ചു. ലോക സമാധാനത്തിന് വേണ്ടി കളക്ടറേറ്റ് പരിസരത്ത് ധർണയും സംഘടിപ്പിച്ചു. ഗ്രന്ഥകാരൻ ബിജു പോൾ, നോർക്ക ജില്ലാ കോഓർഡിനേറ്റർ എൻ. ലികേഷ്, ഹാരിസ് എം, പി. അബ്ബാസ്, അഡ്വ അംജദ്, എന്നിവർ പ്രസംഗിച്ചു.