ബേപ്പൂർ: ബോട്ടിലെ യന്ത്രത്തകരാർ മൂലം ആഴക്കടലിൽ അകപ്പെട്ട കവറത്തി സ്വദേശികളായ മത്സ്യ തൊഴിലാളികളും ബോട്ടും ബേപ്പൂർ ഹാർബറിൽ സുരക്ഷിതരായി എത്തി. കഴിഞ്ഞ ഒക്ടോബർ 4 ന് ആന്ത്രോത്ത് ദ്വീപിൽ നിന്നും വിൽപ്പനയ്ക്കുളള മത്സ്യവുമായി ബേപ്പൂർ ഹാർബറിലേക്ക് പുറപ്പെട്ട കവറത്തി സ്വദേശി ഉള്ളിക്കനപ്പുര വീട്ടിൽ ഉടമസ്ഥതയിലുള്ള ബക്കിയാത്ത് ബോട്ടും 12 തൊഴിലാളികളുമാണ് രണ്ട് ദിവസത്തോളം കടലിൽ കുടുങ്ങിയത്. കവറത്തി സ്വദേശികളായ സാദിക്, നവാസ്, യൂസഫ് അലി, മുഹ്സിർ എ പി , അബ്ദുൾ മുത്താ ലിഫ്, ഇസ്മയിൽ,സലിം, സമീർ, അബുബക്കർ സിദ്ദീഖ്, അറ്റക്കോയ, ജഹാംഗീർഷാ, അബ്ദുൾ റസാഖ് എന്നിവരാണ് കടലിൽ കുടുങ്ങിയത്. പാരച്യൂട്ട് സംവിധാനത്തിലൂടെ ഏങ്കർ ചെയ്ത ശേഷം പിന്നീട് യന്ത്രത്തകരാർ താത്ക്കാലികമായി പരിഹരിച്ച് ഹാർബറിൽ എത്തുകയായിരുന്നു. ബേപ്പൂരിൽ നിന്നും 52 നോട്ടിക്കൽ മൈൽ അകലെ ആയതിനാലും ട്രാൻസ്പോണ്ടർ സംവിധാനം ബോട്ടിൽ സ്ഥാപിക്കാത്തതിനാലും ഫിഷറിസ് വകുപ്പിന്റെ സഫർ എന്ന ജീവൻരക്ഷാ ബോട്ടിന് കടലിൽ അകപ്പെട്ട ബോട്ട് കണ്ടെത്തി രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചിരുന്നില്ല. ഹാർബറിൽ വച്ച് യന്ത്രത്തകരാർ പൂർണമായും പരിഹരിച്ച ബോട്ട് നാളെ ആന്ത്രോത്തിലേക്ക് പുറപ്പെടും. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി എല്ലാ യാനങ്ങളിലും ട്രാൻസ്പോണ്ടർ സംവിധാനം ഘടിപ്പിക്കണമെന്ന് ഫിഷറീസ് അസി. ഡയറക്ടർ വി. സുനീർ പറഞ്ഞു.