കൽപ്പറ്റ: വയനാടിനോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പ്രക്ഷോഭം ശക്തമാക്കുന്നു.
ഉരുൾപൊട്ടൽ ദുരന്തബാധിതരോടുള്ള അവഗണനയിലും വോട്ടർ പട്ടികയുടെ പ്രത്യേക പരിഷ്‌കരണത്തിലൂടെ (എസ്‌.ഐ.ആർ) നടപ്പിലാക്കാനുള്ള നടപടിയിലും പ്രതിഷേധിച്ച് 22 മുതൽ 27വരെ പഞ്ചായത്ത് കേന്ദ്രങ്ങളിൽ സായാഹ്ന ധർണ നടത്താൻ എൽ.ഡി.എഫ് തീരുമാനിച്ചു. മനുഷ്യത്വരഹിതമായ സമീപനമാണ് കേന്ദ്രം വയനാടൻ ജനതയോട് സ്വീകരിക്കുന്നതെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ സി.കെ ശശീന്ദ്രൻ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് മുണ്ടക്കൈയിൽ ഉണ്ടായത്. പ്രധാനമന്ത്രി നേരിട്ടെത്തി വലിയ വാഗ്ദാനം നൽകുകയും പിന്നീട് വഞ്ചനാപരമായ സമീപനം സ്വീകരിക്കുകയുമാണുണ്ടായത്. സർവതും നഷ്ടമായ ജനതയെ തീർത്തും അവഗണിച്ചു. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട അർഹിക്കുന്ന സഹായംപോലും നിഷേധിച്ചു. കോടതിയുടെ പഴികേട്ടതിനെ തുടർന്ന് കുറച്ചുതുക തിരിച്ചടയ്‌ക്കേണ്ട വായ്പയായി നൽകുകയാണ് ചെയ്തത്. ദുരന്തത്തെ എൽ 3 (അതിതീവ്ര ദുരന്തം) പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ആദ്യം അനുവദിച്ചില്ല. യഥാസമയം ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ ഐക്യരാഷ്ട്ര സഭയുടെയും മറ്റുരാജ്യങ്ങളിൽനിന്നുള്ള സഹായം വയനാടിന് ലഭിക്കുമായിരുന്നു. അഞ്ച് മാസത്തിനശേഷമാണ് അതിതീവ്രദുരന്തമായി പ്രഖ്യാപിച്ചത്. അതിനാൽ സഹായം ലഭിച്ചില്ല. ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന ന്യായമായ ആവശ്യം അംഗീകരിച്ചില്ല.
ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനെ ഹൈക്കോടതി രൂക്ഷമായാണ് വിമർശിച്ചത്. എന്നിട്ടും മനുഷ്യത്വമില്ല.
വോട്ടർ പട്ടിക പ്രത്യേക തീവ്രപരിശോധനക്ക് വിധേയമാക്കാനുള്ള നീക്കം ജനാധിപത്യം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ദേശീയ പൗരത്വ രജിസ്റ്റർ വളഞ്ഞ വഴിയിലൂടെ നടപ്പാക്കാനാണ് ഈ നീക്കം. കേരളത്തിൽ തദ്ദേശ- നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടത്താൻ പോകുമ്പോൾ ധൃതിപിടിച്ചുള്ള എസ്‌.ഐ.ആർ നീക്കം അംഗീകരിക്കാനാവില്ല. യോഗത്തിൽ കൺവീനർ സി.കെ ശശീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഡി. രാജൻ അദ്ധ്യക്ഷനായി. കെ. റഫീഖ്, ഇ.ജെ ബാബു, കെ.ജെ ദേവസ്യ, എ.പി അഹമ്മദ്, സണ്ണിമാത്യു, കുര്യാക്കോസ് മുള്ളൻമാട, സി.എം ശിവരാമൻ എന്നിവർ പ്രസംഗിച്ചു.