സുൽത്താൻ ബത്തേരി: കല്ലൂർ കല്ലുമുക്കിൽ നിന്നും കോളൂരിലേക്ക് പോവുന്ന റോഡിൽ കരടിമാട് ഭാഗത്ത് നിരത്തിയ കല്ലുകളാണ് യാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതമായി തീർന്നിരിക്കുന്നത്. അശാസ്ത്രീയമായി റോഡിൽ കല്ല് നിരത്തിയതാണ് ജനങ്ങൾക്ക് ദുരിതമായത്. റോഡിൽ കല്ല് കിടക്കുന്നത് കാരണം ഇതുവഴി വാഹന യാത്ര സാധ്യമല്ലാതായി തീർന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡിൽ കല്ലു നിരത്തിയത്. നിലവിൽ ഉണ്ടായിരുന്ന റോഡ് കുത്തിപ്പൊളിച്ച് അതിന് മുകളിൽ അശാസ്ത്രീയമായി കല്ലുകൾ വിതറുകയാണുണ്ടായതെന്നാണ് നാട്ടുകാരുടെ ആരോപണം. തുടർന്ന് കല്ല് അമർത്തുകയോ നവീകരണ പ്രവർത്തികൾ നടത്തുകയോ ചെയ്തില്ല. അതിനാൽ ഇതുവഴി വാഹനങ്ങൾക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. കരടിമാട്, കോളൂർ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ഏക ആശ്രയം കൂടിയാണ് ഈ റോഡ്. ആശുപത്രി ആവശ്യങ്ങൾക്ക് വാഹനം വിളിച്ചാൽ പോലും ആരും ഇത് വഴി പോകാൻ തയ്യാറല്ല. ഇതോടെ രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ പോലും ആളുകൾ ബുദ്ധിമുട്ടുകയാണ്. കൂടാതെ പ്രദേശത്തെ വിദ്യാർത്ഥികൾക്ക് സ്കൂളുകളിലും കോളേജുകളിലും പോകുന്നതിനും റോഡ് തടസമാകുന്നു. മഴ മാറിയാൽ റോഡ് നവീകരിക്കുമെന്ന് പറഞ്ഞ കരാറുകാരനെ ഇപ്പോൾ ഫോൺ വിളിച്ചാൽ പോലും കിട്ടാറില്ലെന്നും നാട്ടുകാർ പറയുന്നു. ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട അധികൃതർ ഇടപ്പെട്ട് പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.