സുൽത്താൻ ബത്തേരി: യാതൊരു വിധ നിയന്ത്രണവുമില്ലാതെ അമിത ഭാരം കയറ്റി വരുന്ന ടിപ്പർ ടോറസ് ലോറികളുടെ അനിയന്ത്രിതമായ സഞ്ചാരം റോഡ് തകരാൻ ഇടയായി. കല്ലൂരിൽ നിന്ന് നമ്പിക്കൊല്ലിയിലേയ്ക്കുള്ള ലിങ്ക് റോഡാണ് തകർന്ന് ഗതാഗത യോഗ്യമല്ലാതായി തീർന്നിരിക്കുന്നത്. വയലിലൂടെയുള്ള ലിങ്ക് റോഡിലൂടെ അമിതഭാരം കയറ്റി വരുന്ന ടിപ്പർ ടോറസ് ലോറികൾ പോകുന്നത് കാരണം റോഡ് താഴ്ന്ന് വൻ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന രീതിയിലാണ് അമിത വേഗതയിലുള്ള സിമന്റ് ലോറികളുടെ വരവ്. നെന്മേനിക്കുന്ന് കോട്ടൂർ, കണ്ണങ്കോട് എന്നിവടങ്ങളിൽ നിന്നും പ്രദേശവാസികൾക്ക് ബത്തേരി, കല്ലൂർ, ചിരാൽ എന്നിവിടങ്ങളിലെ ഹോസ്പിറ്റൽ, ബാങ്ക്, വില്ലേജ്, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലേക്ക് എത്തണമെങ്കിൽ ഈ റോഡല്ലാതെ വേറെ വഴിയില്ല. സുൽത്താൻ ബത്തേരിയിലെ കേളേജുകളിലേക്കും ചിരാൽ പഴൂർ, കല്ലൂർ, മൂലങ്കാവ് സ്‌ക്കൂകളിലേക്കുമുള്ള നൂറ് കണക്കിന് വിദ്യാർത്ഥികൾ ആശ്രയിക്കുന്നതും ഈ റോഡിനെയാണ്. ടിപ്പർ ലോറികളുടെ അമിത ഭാരം കാരണം റോഡിന്റെ പല ഭാഗങ്ങളും ഇടിഞ്ഞുതാഴ്ന്നു. കണ്ണംങ്കോട് ആൽമരം ഭാഗത്ത് ഉണ്ടായ വൻ കുഴിയിൽ ഇരുചക്ര വാഹനങ്ങൾ വിഴുന്നതും യാത്രക്കാർക്ക് പരിക്ക് പറ്റുന്നതും ഇപ്പോൾ നിത്യ സംഭവമാണ്. എട്ടോളം ബസ് സർവ്വീസാണ് ഇതുവഴി പോയികൊണ്ടിരുന്നത്. റോഡ് തകർന്നതോടെ ബസ് സർവ്വീസ് തന്നെ നിലച്ച നിലയിലാണ്. കിട്ടുന്ന കളക്ഷൻ വർക്ക്‌ഷോപ്പിൽ കൊടുക്കാൻ തികയാത്ത അവസ്ഥയാണ്. ഒട്ടോറിക്ഷകളാണെങ്കിൽ ഓട്ടം തന്നെ നിർത്തി വെച്ചിരിക്കുകയാണ്. അമിത ഭാരം കയറ്റി വരുന്ന ടോറസ് ടിപ്പർ ലോറികൾ തടയാൻ അനശ്വര ക്ലബിന്റെ നേതൃത്വത്തിൽ പ്രദേശവാസികളുടെ യോഗം തീരുമാനിച്ചു.