മേപ്പാടി: നെടുമ്പാലയിൽ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു വീട് അപകടാവസ്ഥയിലായി. നെടുമ്പാല സ്വദേശിനി സുബൈദയുടെ വീടിന്റെ സംരക്ഷണഭിത്തിയാണ് കഴിഞ്ഞദിവസം രാത്രിയിൽ ഇടിഞ്ഞുവീണത്. ലൈഫ് ഭവന പദ്ധതിയിൽ ആകെയുള്ള 5 സെന്റിൽ വീട് നിർമ്മാണം നടന്നുവരികയാണ്. കഴിഞ്ഞ ദിവസത്തെ മഴയെ തുടർന്നാണ് സംരക്ഷണഭിത്തി ഇടിഞ്ഞുവീണതെന്ന് സുബൈദ പറഞ്ഞു. രണ്ട് ലക്ഷം രൂപ ചെലവിലാണ് സംരക്ഷണഭിത്തി നിർമ്മിച്ചിരുന്നത്. സംരക്ഷണ ഭിത്തിയിയിഞ്ഞതോടെ വീടും അപകടാവസ്ഥയിലായി. മേപ്പാടി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെടുന്ന പ്രദേശമാണിത്. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സ നടത്തിവരുന്ന ആളാണ് സുബൈദ. വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായി വരുമ്പോഴാണ് സംരക്ഷണഭിത്തിയിടിയുന്നത്. വാർഡ് മെമ്പർ നാസർ വില്ലേജ് ഓഫീസർ എന്നിവർ സ്ഥലം സന്ദർശിച്ചു. സംരക്ഷണഭിത്തി നിർമ്മിച്ചു നൽകുകയോ അർഹമായ നഷ്ടപരിഹാരം നൽകുകയോവേണമെന്നാണ് സുബൈദ ആവശ്യപ്പെടുന്നത്.