കൽപ്പറ്റ: പോളിയോ നിർമ്മാർജന പരിപാടിയുടെ ഭാഗമായി 5 വയസ്സ് വരെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകൽ ജില്ലയിൽ വിജയകരമായി പൂർത്തിയായി. പോളിയോ രഹിത സമൂഹം സാക്ഷാത്കരിക്കുകയെന്ന ലക്ഷ്യത്തോടെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ നഗരസഭാ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമതിയംഗം അഡ്വ. എ.പി മുസ്തഫ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. കൽപ്പറ്റ ഗവ ആശുപത്രി റസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ. ശുഭ അദ്ധ്യക്ഷയായി. തുള്ളിമരുന്ന് വിതരണം നടത്തുന്നതിന് ജില്ലയിൽ 956 പൾസ് പോളിയോ ബൂത്തുകളാണ് സജ്ജീകരിച്ചത്. സർക്കാർ, സ്വകാര്യ ആശുപത്രികൾ, അങ്കണവാടികൾ, സബ് സെന്ററുകൾ എന്നിവിടങ്ങളിലായിരുന്നു ബൂത്തുകൾ പ്രവർത്തിച്ചത്. ബസ് സ്റ്റാൻഡുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, മാളുകൾ, ബസാർ തുടങ്ങി ആളുകൾ കൂടുതലായി എത്തുന്ന 22 കേന്ദ്രങ്ങളിലായി ട്രാൻസിറ്റ് ബൂത്തുകളും ക്രമീകരിച്ചു. വാക്സിനേഷനായി എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലെയും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലെ കുട്ടികൾക്കായി മൊബൈൽ ടീമുകളും പ്രവർത്തിച്ചു. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ പോളിയോ ബൂത്തുകളിലൂടെ വാക്സിൻ വിതരണം നടത്തി. ബൂത്തുകളിൽ 47,819 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി. ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളായ 467 കുട്ടികൾക്കും യാത്രക്കാരായ 2,306 കുട്ടികൾക്കും തുള്ളിമരുന്ന് ലഭിച്ചു. ആകെ 50,592 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി. ജില്ലയിൽ ലക്ഷ്യമിട്ടിരുന്ന 58,050 കുട്ടികളിൽ 87 ശതമാനം കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകാൻ സാധിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ബൂത്തിൽ എത്താൻ സാധിക്കാത്ത കുട്ടികൾക്ക് ഇന്നും, നാളെയും, 15 തീയതികളിലുമായി ആരോഗ്യപ്രവർത്തകർ വീടുവീടാന്തരം സന്ദർശിച്ച് പോളിയോ തുള്ളിമരുന്ന് നൽകും.