1979 ൽ പണിത കെട്ടിടം
കൊയിലാണ്ടി: കൊയിലാണ്ടി വെറ്ററിനറി ഹോസ്പിറ്റലിന് അടിയന്തര ചികിത്സ വേണം. കാലപ്പഴക്കം കൊണ്ട് കെട്ടിടം അപകടാവസ്ഥയിലാണ്. 1979 ൽ പണിത കെട്ടിടത്തിലാണ് ആശുപത്രി ഇപ്പോഴും പ്രവർത്തിക്കുന്നത്. ഓട് പൊട്ടി ചോർന്നൊലിക്കുന്ന കെട്ടിടം, ഉപയോഗശൂന്യമായ ടോയ്ലറ്റ്, തകർന്ന ഗേറ്റും സീലിംഗും എന്നിങ്ങനെയാണ് ആശുപത്രിയുടെ അവസ്ഥ. 79 ലെ സ്റ്റാഫ് പാറ്റേൺ - ഒരു ഡോക്ടർ, ഒരു സീനിയർ വെറ്റിനറി സർജൻ, ഒരു അറ്റണ്ടർ, പാർട്ട് ടൈം സ്വീപ്പർ ആണ് ഇപ്പോഴുമുള്ളത്. ലൈഫ് സ്റ്റോക്ക് അസിസ്റ്റൻ്റ് സ്ഥലം മാറിയിട്ട് മാസം കഴിഞ്ഞിട്ടും പുതിയ ആളെ നിയമിച്ചിട്ടില്ല. തിരക്ക് കാരണം കാവുംവട്ടം സബ് സെൻ്ററിലെ ജീവനക്കാരനെ താത്‌കാലികമായി അഡ്ജസ്റ്റ് ചെയ്തിരിക്കയാണ്. ഒരു ദിവസം 50 തിലധികം ഒ.പിയും 15 ഫീൽഡ് വിസിറ്റും നടക്കുന്ന ആശുപത്രിയിൽ അടിസ്ഥാന സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നഗരസഭ ഫണ്ട് മരുന്നിന് തികയില്ല!
നഗരസഭ അനുവദിക്കുന്ന ഫണ്ട് 6 മാസത്തെ മരുന്നിന് തികയാത്ത അവസ്ഥയാണ്. അടുത്ത കാലത്തായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മൊബൈൽ ക്ലിനിക്ക് അനുവദിച്ചിട്ടുണ്ട്. രാത്രികാല സേവനത്തിന് ഒരു ഡോക്ടറും ഡ്രൈവറും താല്കാലികമായി അനുവദിച്ചിട്ടുണ്ട്. ഇവർക്ക് രാത്രി വിശ്രമിക്കാൻ പോലും ആശുപത്രിയിൽ സൗകര്യമില്ല. സർജറി ലാബ് സൗകര്യം ഇല്ലാത്തതിനാൽ മൃഗങ്ങളെ മറ്റിടങ്ങളിലേക്ക് റഫർ ചെയ്യുകയാണ്. വളർത്ത് മൃഗങ്ങളും അരുമ ജീവികളും ഇല്ലാത്ത വീടുകൾ ചുരുക്കമാണെന്നിരിക്കെ ഏവർക്കും ഉപകാരപ്പെടുന്ന മട്ടിൽ മൃഗാശുപത്രിയെ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നഗരത്തിൽ ക്ഷീരകർഷകര്യം അരുമ ജീവികളെ വളർത്തുന്നവരും കൂടി വരുന്ന പശ്ചാത്തലത്തിൽ നിലവിലുള്ള വെറ്ററിനറി ഹോസ്പിറ്റൽ പോളിക്ലിനിക്കായി ഉയർത്തണം. ലാബ്, സർജറി സൗകര്യം ഇതോടെ ഉണ്ടാകും. ഇക്കാര്യം തലൂക്ക് വികസന സമിതിയിൽ പ്രമേയത്തിലൂടെ സർക്കാറിനോടും നഗരസഭയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ജില്ലാ ആസൂത്രണ സമിതി അംഗവും നഗരസഭ കൗൺസിലർ വി.പി ഇബ്രാഹിം കുട്ടി
വെറ്റിനറി ഹോസ്പിറ്റൽ പണിതിട്ട് 50 വർഷത്തിനോട് അടുക്കുന്നു. ഇത്രയും കാലത്തിനിടയിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. വളർത്തുമൃഗങ്ങൾക്ക് സർജറി പോലുള്ള കാര്യങ്ങൾക്ക് വടകരയിലോ പേരാമ്പ്രയിലോ കൊണ്ട് പോകണം. ലൈഫ് സ്റ്റോക്ക് അസിസ്റ്റൻ്റിനെ അടിയന്തരമായി പോസ്റ്റ് ചെയ്യണം.
പി.വി വേണുഗോപാൽ