കുറ്റ്യാടി: നിയോജകമണ്ഡലത്തിലെ പാൽ, ഇറച്ചി ഉത്പാദനം മികച്ച രീതിയിൽ വർദ്ധിച്ചുവെന്ന് മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി. നിയോജകമണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായി പാൽ, ഇറച്ചി എന്നിവയുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് നടത്തിയ പ്രവർത്തനങ്ങൾ സംബന്ധിച്ച് നിയമസഭയിൽ കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എയുടെ ചോദ്യത്തിന്ന് മറുപടി നൽകുകയായിരുന്നു മന്ത്രി. കുന്നുമ്മൽ, തിരുവള്ളൂർ, വില്യാപ്പള്ളി, പുറമേരി, മണിയൂർ, കുറ്റ്യാടി, വേളം, ആയഞ്ചേരി തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിൽ ഗോട്ട് സാറ്റലൈറ്റ് പദ്ധതി, പോത്തുക്കുട്ടി വളർത്തൽ പദ്ധതി, എൻ.എൽ.എം റൂറൽ ബാക്കിയാഡ് ഗോട്ട് ഡെവലപ്മെൻറ് സ്കീം എന്നീ പദ്ധതികളിലൂടെ പോത്ത്, ആട് എന്നിവയെ നൽകി. വന്ധ്യത നിവാരണ പദ്ധതി നടപ്പിലാക്കിയതിലൂടെ കന്നുകാലികളുടെ വന്ധ്യത പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സയ്ക്ക് ആവശ്യമായ ഹോർമോണുകളും മരുന്നുകളും ധാതുലവണ മിശ്രിതവും നൽകിയതിലൂടെ കന്നുകാലികളുടെ പ്രത്യുൽപാദനക്ഷമത വർദ്ധിപ്പിക്കുകയും ആയതിലൂടെ പാൽ ഇറച്ചി എന്നിവയുടെ ഉൽപാദനം വർദ്ധിപ്പിക്കാനും സാധിച്ചു. കുറ്റ്യാടി നിയോജകമണ്ഡലത്തിൽ ഈ സർക്കാരിൻറെ കാലത്ത് ക്ഷീര വികസന വകുപ്പ് 81,38,840 രൂപയുടെ വിവിധ പദ്ധതികൾ നടപ്പിലാക്കിയതായും മന്ത്രി അറിയിച്ചതായി എം.എൽ.എ പറഞ്ഞു.