കൽപ്പറ്റ: കൗമാരക്കാരുടെ കരുത്തും വേഗതയും മാറ്റുരയ്ക്കുന്ന ജില്ലാ സ്‌കൂൾ കായികമേളയ്ക്ക് തുടക്കമായി. മരവയൽ എം.കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിലാണ് മേള നടക്കുന്നത്. പോൾ വാൾട്ട് മത്സരത്തോടെയാണ് മേള തുടങ്ങിയത്. തരിയോട് ഗവ. ഹയർസെക്കൻഡറി സ്‌കൂളാണ് ഇത്തവണ മേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ പോൾവാൾട്ട് മത്സരത്തോടെയായിരുന്നു മേളയ്ക്ക് തുടക്കം. സുൽത്താൻ ബത്തേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയായ ഡാൻ കെ. ഷനോജാണ് മേളയിലെ ആദ്യ വിജയി. 100 മീറ്റർ, 400 മീറ്റർ, 1500 മീറ്റർ ഓട്ടം, ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ, പോൾ വാൾട്ട് തുടങ്ങിയ മത്സരങ്ങളാണ് ആദ്യദിനത്തിൽ അരങ്ങേറിയത്. കത്തുന്ന വെയിലിനെയും വകവയ്ക്കാത്ത പ്രകടനമായിരുന്നു മത്സരാർത്ഥികൾ പുറത്തെടുത്തത്. ആദ്യദിനത്തിൽ 64 പോയിന്റുമായി മാനന്തവാടി ജില്ലയാണ് മുന്നിട്ടുനിൽക്കുന്നത്. എട്ട് സ്വർണം, ആറ് വെള്ളി, ആറ് വെങ്കലം എന്നിങ്ങനെയാണ് പോയിന്റ് നില. സുൽത്താൻ ബത്തേരി ഉപജില്ലക്കാണ് രണ്ടാം സ്ഥാനം 6 സ്വർണ്ണം 6 വെള്ളി വെങ്കലം എന്നി മെഡലുകളുമായി 52 പോയിന്റാണ് നേടിയത്.
സ്‌കൂൾതലത്തിൽ 27 പോയിന്റുമായി കാട്ടിക്കുളം ഗവ. ഹയർസെക്കൻഡറി സ്‌കൂളാണ് മുന്നിട്ടുനിൽക്കുന്നത്.
സ്വർണ്ണം 4 വെള്ളി 2 വെങ്കലം ഒന്ന് എന്നിങ്ങനെയാണ് കാട്ടിക്കുളത്തിന്റെ മെഡൽ നേട്ടം. വൈത്തിരി ഉപജില്ലയ്ക്ക് 31 പോയിന്റ് ഉണ്ട്. സുൽത്താൻബത്തേരി ഉപജില്ലയിലെ മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളാണ് 16 പോയിന്റുമായി പിന്നിൽ. സ്വർണ്ണം 2 വെള്ളി 2 എന്നിങ്ങനെയാണ് മീനങ്ങാടിയുടെ മെഡൽ നേട്ടം. തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ആണ് ഇത്തവണ മേളയുടെ ആതിഥേയത്വം വഹിക്കുന്നത്. വിപുലമായ ക്രമീകരണമാണ് മേളയുടെ വിജയത്തിനായി ഒരുക്കിയിട്ടുള്ളതെന്ന് പ്രിൻസിപ്പാൾ രാധിക പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 9ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ പതാക ഉയർത്തും. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിക്കും. ടി. സിദ്ദിഖ് എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനാകും. തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി, കൽപ്പറ്റ നഗരസഭ വൈസ് പ്രസിഡന്റ് ഒ. സരോജിനി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.