news-
കെ.എസ്.ആർ.ടി.സി തൊട്ടിൽ പാലം സബ്ബ് ഡിപ്പോ

തൊട്ടിൽപ്പാലം: കാൽ നൂറ്റാണ്ടായി പ്രവൃത്തിച്ചു വരുന്ന കെ.എസ്.ആർ.ടി.സി തൊട്ടിൽപ്പാലം സബ് ഡിപ്പോയുടെ പ്രവർത്തനം കൂടുതൽ സൗകര്യപെടുത്തണമെന്ന ആവശ്യവുമായി നാട്ടുകാർ. കേരളത്തിലെ തന്നെ സബ് ഡിപ്പോകളിൽ ഏറ്റവും കൂടുതൽ ലാഭകരമാക്കാൻ തൊട്ടിൽപ്പാലം ഡിപ്പോയ്ക്ക് കഴിഞ്ഞിരുന്നു. ഇന്ന് പല പ്രദേശങ്ങളിലേക്കുമുള്ള യാത്രയില്ല. അതുകൊണ്ട് തന്നെ കെ.എസ്.ആർ.ടി.സി യെ മാത്രം ആശ്രയിക്കുന്ന മലയോര പ്രദേശവാസികൾ പ്രതിസന്ധിയിലായിരിക്കുകയാണ്. ഒരാഴ്ചയിൽ രണ്ടു തവണയാണ് തൊട്ടിൽപ്പാലം - തിരുവനന്തപുരം സർവീസ് മുടങ്ങിയത്. കോട്ടയം സർവീസ് ഉൾപ്പെടെ ക്യത്യസമയം പാലിക്കാതെ ഓടുന്നത് കാരണം ദീർഘദൂര യാത്രക്കാരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

തൊട്ടിൽപ്പാലം, കുണ്ട് തോട്, കാവിലുംപാറ പരിസര പ്രദേങ്ങളിൽ നിന്നും നിരവധി വിദ്യാർത്ഥികൾ മംഗലാപുരം, കർണ്ണാടക ഭാഗങ്ങളിലെ കോളേജിൽ പഠിക്കുന്നവരുണ്ട്. പുലർച്ചെ വടകര എത്തിയാൽ മാത്രമെ അവർക്ക് കൃത്യ സമയത്തുള്ള ട്രെയിനുകൾ വടകരയിൽ നിന്ന് ലഭിക്കു. തൊട്ടിൽപ്പാലം ഡിപ്പോയിൽ നിന്ന് വടകരയിലേക്കുള്ള ബസുകൾ വൈകിയാണ് പുറപ്പെടുക. ഇത് വിദ്യാർത്ഥികൾക്ക് വെല്ലുവിളിയാവുകയാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് തൊട്ടിൽപാലം ഡിപ്പോ മുന്നോട്ട് പോവുകയാണെങ്കിൽ വരുമാനം ഉണ്ടാവുന്നതോടൊപ്പം യാത്രക്കാർക്കും ഏറെ ആശ്വാസകരമാവുമെന്നാണ് നാട്ടുകാർ പറയുന്നത്.

പുതിയ ദീർഘദൂര സർവീസുകളില്ല

നാളിതുവരെയായിട്ടും പുതിയ ദീർഘദൂര സർവീസുകൾ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. തൊട്ടിൽപ്പാലത്ത് നിന്നും അന്തർ സംസ്ഥാന സർവീസുകൾ വേണമെന്ന് ആവശ്യമുന്നയ്ക്കുന്നതല്ലാതെ അതും പരിഗണിക്കപ്പെട്ടില്ല. തൊട്ടിൽപ്പാലം ഡിപ്പോയിൽ നിന്നും പാണത്തൂർ, കുമളി, ഈരാറ്റുപേട്ട, പിറവം സർവീസുകൾ ലാഭകരമായി സർവീസുകൾ നടത്തിയിരുന്നെങ്കിലും കൊവിഡിന് ശേഷം ഈ സർവീസുകൾ പുനരാരംഭിച്ചില്ല.

"തൊട്ടിൽപ്പാലം കെ.എസ്.ആർ.ടി.സി ഡിപ്പോ കാര്യക്ഷമമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം"

സോജൻ ആലക്കൽ, മലയോര മേഖലാ ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹി