സുൽത്താൻ ബത്തേരി: ക്ഷീരവികസനവകുപ്പും ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളും ക്ഷീരകർഷകരും ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീര സംഗമം വാകേരി ക്ഷീരോത്പ്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിലായി കേണിച്ചിറയിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിലെ ക്ഷീരകർഷകർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും ക്ഷീരമേഖലയുടെ സാധ്യതകളും ചർച്ചചെയ്ത് പരിഹാരമാർഗങ്ങൾ കണ്ടെത്തുന്നതിനും, പുതുതലമുറയെമേഖലയിലേക്ക് ആകർഷിച്ച് ഗ്രാമീണ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് സംഗമം നടത്തുന്നത്. ഇന്ന് രാവിലെ 9.30ന്‌കേണിച്ചിറ ടൗണിൽ നടത്തുന്ന വിളംബരജാഥ പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ ഫ്ളാഗ് ഓഫ് ചെയ്യും. തുടർന്ന് കേണിച്ചിറ സെന്റ് സെബാസ്റ്റ്യൻ പള്ളി ഓഡിറ്റോറിയത്തിൽ സംഗത്തിന് തുടക്കം കുറിച്ച് വാകേരി ക്ഷീരസംഘം പ്രസിഡന്റ് കെ.എം. ജോസ് പതാക ഉയർത്തും. സഹകാരി സംഗമം പനമരംബ്ലോക്ക് സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.ഡി. സജി ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന സഹകരണ നിയമവും ഭേദഗതികളും എന്ന വിഷയത്തിൽ സെമിനാർ നടക്കും.
ഉച്ചയ്ക്ക് 2 മണിക്ക് ക്ഷീരകർഷകർക്കും ക്ഷീരസംഘം ജീവനക്കാർക്കുമായുള്ള ഡയറി ക്വിസ് ബ്ലോക്ക് പഞ്ചായത്തംഗം ലൗലി ഷാജു ഉദ്ഘാടനം ചെയ്യും. വൈകീട്ട് നടക്കുന്ന കലാസന്ധ്യ പൂതാടി പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ മിനി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ടീം ഗ്രാമം അവതരിപ്പിക്കുന്ന വീരനടനം, വയലിനിസ്റ്റ് റെജിഗോപിനാഥും സംഘവും അവതരിപ്പിക്കുന്ന വയലിൻ ലൈവ് എന്നിവയുണ്ടാകും. വ്യാഴാഴ്ച രാവിലെ ഒൻപതിന് ക്ഷീരകർഷക സെമിനാർ ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ഉഷ തമ്പി ഉദ്ഘാടനം ചെയ്യും. നൂതന ശാസ്ത്രീയ ആശയങ്ങളിലൂടെ ക്ഷീരസമൃദ്ധിയിലേക്ക് എന്ന വിഷയത്തിലാണ് സെമിനാർ.
11ന് നടക്കുന്ന പൊതുസമ്മേളനം മൃഗസംരക്ഷണക്ഷീരവികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. പട്ടികജാതി പട്ടികവർഗ വികസനമന്ത്രി ഒ.ആർ. കേളു മുഖ്യപ്രഭാഷണം നടത്തും. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പ്രിയങ്കഗാന്ധി എം.പി. മുഖ്യാതിഥിയാകും. ക്ഷീരവികസന ഡയറക്ടർ ശാലിനി ഗോപിനാഥ് പദ്ധതി വിശദീകരിക്കും. ജില്ലയിലെ മികച്ച ക്ഷീരകർഷകരെ ടി. സിദ്ദീഖ് എം.എൽ.എയും, മികച്ച പട്ടികജാതി പട്ടികവർഗ ക്ഷീരകർഷകനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറും ആദരിക്കും. ക്ഷീരവികസനവകുപ്പിന്റെ ധനസഹായ വിതരണം മിൽമ ചെയർമാൻ കെ.എസ്. മണിയും വാകേരി ക്ഷീരസംഘം പ്രമോട്ടിംഗ് കമ്മിറ്റി അംഗങ്ങളെ ആദരിക്കൽ കളക്ടർ ഡി.ആർ. മേഘശ്രീയും നിർവഹിക്കും. മികച്ച ക്ഷേമനിധി ക്ഷീരകർഷകരെ ആദരിക്കൽ കേരള ക്ഷീരകർഷകക്ഷേമനിധിബോർഡ് ചെയർമാൻ വി.പി. ഉണ്ണിക്കൃഷ്ണനും സംഘത്തിലെ മുൻകാല ജീവനക്കാരെ ആദരിക്കൽ കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാറും വയനാട് പാക്കേജ് ധനസഹായ വിതരണം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജീജ സി. കൃഷ്ണനും നിർവഹിക്കും. എവറോളിംഗ് ഫുട്‌ബോൾ ടൂർണമെന്റ് സമ്മാനദാനം ക്ഷീരകർഷകക്ഷേമനിധി ബോർഡംഗം കെ.കെ. പൗലോസും നിർവഹിക്കും. വാർത്താ സമ്മേളനത്തിൽ കെ.എം. ജോസ്, ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഫെമി വി. മാത്യു, അസി. ഡയറക്ടർ കെ.എം. നൗഷ, ബെന്നി കുന്നമ്പറ്റ, കെ.കെ. പൗലോസ്, സണ്ണിജോർജ്, വി.ആർ. മാധവൻ എന്നിവർ പങ്കെടുത്തു.