
കോഴിക്കോട്: സഹോദരൻ അമർ പകർന്ന പാഠങ്ങളും സ്വയം ആർജ്ജിച്ചെടുത്ത വിദ്യകളും കൈമുതലാക്കി 12.10 മീറ്ററിലേക്ക് അഭിനയ സന്തോഷ് എറിഞ്ഞ ഷോട്ടിൽ പിറന്നത് സ്വർണ നേട്ടം. ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഷോട്ട്പുട്ടിലാണ് അഭിനയ ചരിത്രം ആവർത്തിച്ചത് .ഗവ.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിലെ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ഇനിയുള്ള ലക്ഷ്യം സംസ്ഥാന സ്കൂൾ കായികമേളയിൽ ആദ്യ സ്വർണം. ഷോട്ട്പുട്ടിൽ ആരാണ് റോൾ മോഡൽ എന്നുചോദിച്ചാൽ അഭിനയയ്ക്ക് ഒറ്റ ഉത്തരം ഷോട്ടിൽ മിന്നൽപിണരായ സഹോദരൻ അമർ തന്നെ. സഹോദരനായിരുന്നു ഗുരു. ഉപരിപഠനത്തിനായി സഹോദരൻ കാനഡയിലേക്ക് പോയതോടെ സ്വയം പരിശീലനമായി. അതിരാവിലെയും വൈകിട്ടും പരിശീലനം. ഇടയ്ക്ക് ഷോട്ട്പുട്ട് സമ്മർ ക്യാമ്പിൽ പങ്കെടുത്തിരുന്നു. സി.ഐ.എസ്.എഫിൽ ഉദ്യോഗസ്ഥനും സ്പോർട്സ് താരവുമായിരുന്ന അച്ഛൻ സന്തോഷ് മകളുടെ സ്വപ്നങ്ങൾക്ക് എന്നും കൂട്ടായുണ്ട്. എട്ടാം ക്ലാസ് മുതൽ മത്സരങ്ങളിൽ സജീവമായിരുന്ന അഭിനയ കഴിഞ്ഞ വർഷം ലക്നൗവിൽ നടന്ന അണ്ടർ 14 ഷോട്ട്പുട്ടിൽ വെങ്കലം നേടിയിരുന്നു. സ്പോർട്സിലൂടെ ഉയരങ്ങൾ കീഴടക്കണമെന്നാണ് മിടുക്കിയുടെ ആഗ്രഹം. പയ്യോളി സ്വദേശിയായ സ്വപ്നറാണിയാണ് മാതാവ്. ഇന്ന് നടക്കുന്ന ജൂനിയർ ഗേൾസ് ഡിസ്കസ് ത്രോ, ഹാമർ ത്രോ എന്നിവയിലും അഭിനയ മത്സരിക്കുന്നുണ്ട്.