കോഴിക്കോട്: പൊള്ളുന്ന വെയിലിനും തളർത്താനാവാതെ കൗമാര പ്രതിഭകൾ ഓടിയും ചാടിയും എറിഞ്ഞും മെഡലുകൾ വാരിക്കൂട്ടി. മെഡി.കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ 67ാമത് റവന്യൂ ജില്ലാ സ്കൂൾ കായിക മേളയുടെ ട്രാക്ക് ഉണർന്നപ്പോൾ പിറന്നത് റെക്കാഡുകൾ. ആദ്യ ദിനം മത്സരങ്ങൾ പൂർത്തിയായപ്പോൾ മെഡൽ കൊയ്ത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുക്കം ഉപജില്ല തന്നെയാണ് മുന്നിൽ. ആദ്യദിനം 29 ഫൈനലുകളാണ് നടന്നത്. 3000 മീറ്റർ സീനിയർ ആൺകുട്ടികളുടെ ഓട്ടം മത്സരത്തോടെയാണ് കായികമേളയ്ക്ക് തിരിതെളിഞ്ഞത്. എം.എം.എച്ച്.എസ് തലക്കുളത്തൂരിലെ ദേവാനന്ദ് ഇ.എം ആദ്യ സ്വർണം നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് ജോർജ് എച്ച്.എസ്.എസ് കുളത്തുവയലിലെ കൃഷ്ണ ശിവൻ സ്വർണം സ്വന്തമാക്കി. മത്സരങ്ങളിൽ ട്രാക്കിലും പിറ്റിലും ഇടിവെട്ട് പ്രകടനങ്ങളാണ് കുട്ടികൾ നടത്തിയത്. മത്സരങ്ങൾക്കിടെ മഴ പെയ്യാതിരുന്നത് കുട്ടികൾക്ക് അനുഗ്രഹമായി. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു. ഷാജി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. കമാൽ വരദൂർ ദീപശിഖ കൊളുത്തി. ആർ.രാജേഷ് കുമാർ,സജിനി, റോയി മുരിക്കോലിൽ എന്നിവർ പ്രസംഗിച്ചു. ഡി.ഡി.ഇ ടി. അസീസ് സ്വാഗതവും ഡോ. ഷിനോജ് നന്ദിയും പറഞ്ഞു.
കുതിപ്പോടെ മുക്കം
മുക്കം ഉപജില്ല കൗമാര കുതിപ്പിലെ ആദ്യ ദിനം സ്വന്തമാക്കി. 14 സ്വർണവും നാല് വെള്ളിയും രണ്ട് വെങ്കലവുമായി 100 പോയിന്റ് നേടിയാണ് മുക്കം ഒന്നാമത് നിൽക്കുന്നത്. മൂന്ന് സ്വർണവും ആറ് വെള്ളിയുമായി 38 പോയിന്റ് നേട്ടവുമായി പേരാമ്പ്രയാണ്തൊട്ടുപിന്നിൽ. 24 പോയന്റുമായി ബാലുശ്ശേരി മൂന്നാമതുണ്ട്.
പുല്ലൂരാംമ്പാറ തന്നെ
69 പോയന്റോടെ പുല്ലൂരാംമ്പാറ സെന്റ് ജോസഫ്സ് എച്ച്.എസ് ആണ് സ്കൂളുകളിൽ മുന്നിൽ. 30 പോയിന്റുമായി സെന്റ് ജോർജ് എച്ച്.എസ്.എസ് കുളത്തുവയൽ രണ്ടാമതും 19 പോയിന്റോടെ ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂർ മൂന്നാം സ്ഥാനത്തുമുണ്ട്. 12 പോയിന്റോടെ സാവിയോ എച്ച്.എസ്.എസ്.ദേവഗിരിയാണ് നാലാം സ്ഥാനത്ത്.
പോയിന്റ് നില
സബ്ജില്ല- സ്വർണ്ണം- വെള്ളി- വെങ്കലം-ആകെ
1. മുക്കം ......14...............4..............3..................100
2.പേരാമ്പ്ര....4..............4...............4................38
3.ബാലുശ്ശേരി...2.........3...............2.................24
4.മേലടി................3...........1...............1................19
5.കോഴിക്കോട്
റൂറൽ..................2.............1...............3................19