മാനന്തവാടി: ഉദ്ഘാടനത്തിനൊരുങ്ങിയ റോപ് ഫെൻസിംഗ് നാലാം തവണയും തകർത്ത് കാട്ടാന. മാനന്തവാടി
നഗരസഭയിലെ കുറുവ ഡിവിഷനിൽ ചാലിക്യം ഭാഗത്താണ് ഒറ്റയാനെത്തി ഫെൻസിംഗ് തകർത്ത് വ്യാപക കൃഷി നാശം വരുത്തി വെച്ചത്. നഗരസഭയ പരിധിയിൽ ഏറ്റവും കൂടുതൽ വന്യമൃഗശല്യം നേരിടുന്ന കാർഷിക ഭൂരിപക്ഷ മേഖല കൂടിയാണിത്. പുഴ നീന്തിക്കടന്ന് എത്തുന്ന കാട്ടാനകൾ വ്യാപക കൃഷി നാശമാണ് പടമല, പയ്യമ്പള്ളി, ചാലിഗദ്ധ, കുറുവ എന്നിവിടങ്ങളിൽ നിരന്തരമായി വരുത്തി വെക്കുന്നത്. ഇതിന് ശാശ്വാത പരിഹാരമായാണ് പാൽ വെളിച്ചം മുതൽ കൂടൽക്കടവ് വരെ വനാതിർത്തിയോട് ചേർന്ന് മൂന്നരക്കോടി രൂപ ചിലവഴിച്ച് റോപ്പ് ഫെൻസിംഗ് പ്രവർത്തികൾ പൂർത്തികരിച്ചത്. പ്രവൃത്തി പൂർത്തിയാക്കിയ റോപ്പ് ഫെൻസിംഗിന്റെ 12 മീറ്ററോളം ഭാഗമാണ് ഒരൊറ്റ രാത്രി കൊണ്ട് ആന തകർത്തത്. 18 ന് ഉദ്ഘാടനം നടക്കാനിരിക്കെയാണ് കാട്ടാന ഫെൻസിംഗ് തകർത്തത്. തകർന്ന ഭാഗത്തൂടെ കൃഷിയിടത്തിൽ പ്രവേശിച്ച കാട്ടാന വലിയ നാശമാണ് വരുത്തിയത്. ചാലിക്യം ഉന്നതിയിലെ ശാന്ത, സമീപത്ത് പ്രസാദ്, സനിൽ എന്നിവരുടെ തെങ്ങ്, വാഴ, കപ്പ എന്നിവയും, തോമസ്, ലാസർ എഞ്ചലോ എന്നിവരുടെ കതിർ പാകമായ നെൽക്കൃഷിയും ഒറ്റയാൻ നശിപ്പിച്ചു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കൂടൽക്കടവ് ഭാഗത്തും മെയ് മാസത്തിൽ പാൽ വെളിച്ചത്തും കാട്ടാന റോപ് ഫെൻസിംഗ് തകർത്തിരുന്നു. നിർമ്മാണം നടന്നുകൊണ്ടിരിക്കമ്പോൾ തന്നെ ഫെൻസിംഗിന്റെ രണ്ട് തൂണുകൾ ആന തകർത്തിരുന്നു. നിർമ്മാണത്തിൽ അപാകതയുള്ളതായി മുമ്പെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി ഡിവിഷൻ കൗൺസിലർ ടിജി ജോൺസൻ പറഞ്ഞു. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെത്തുടർന്നാണ് 2017ൽ ആണ് പദ്ധതിക്ക് നിർമ്മാണ അനുമതി ലഭിച്ചത്. പ്രവർത്തികൾ പാതി വഴിയിൽ നിലച്ചതും, പ്രവർത്തികളിലെ കാലതാമസവുമെല്ലാം ഏറെ പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. കൃഷി നാശത്തിന് ശാശ്വത പരിഹാരമാകേണ്ട ഫെൻസിംഗ് ഇടക്കിടെ കാട്ടാനകൾ നശിപ്പിക്കുന്നത് കർഷകർക്കിടയിൽ ആശങ്കക്കും ഇടയാക്കിയിട്ടുണ്ട്. മുമ്പ് ഹാംഗിഗ് ഫെൻസിംഗായിരുന്നു പ്രദേശത്തുണ്ടായിരുന്നത്.
നോർത്ത് വയനാട് ഡി.എഫ്.ഒ എസ്. സന്തോഷ് കുമാർ, ബേഗുർ റെയ്ഞ്ച് ഓഫീസർ എസ് രഞ്ജിത്ത് എന്നിവർ സ്ഥലം സന്ദർശിച്ചു.