കൽപ്പറ്റ: ജില്ലാ സ്‌കൂൾ കായിക മേളയിൽ സുൽത്താൻ ബത്തേരി ഉപജില്ലയ്ക്ക് കിരീടം. മാനന്തവാടി ഉപജില്ലയുമായി ശക്തമായ മത്സരം കാഴ്ചവച്ചാണ് സുൽത്താൻ ബത്തേരി ഉപജില്ല 356 പോയന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 37 സ്വർണം, 32 വെള്ളി, 33 വെങ്കലം എന്നിങ്ങനെ 356 പോയിന്റ് നേടിയാണ് ബത്തേരി ഒന്നാം സ്ഥാനം നേടിയത്. കാട്ടിക്കുളത്തിന്റെ കരുത്തിൽ കുതിച്ചെങ്കിലും മാനന്തവാടി ഉപജില്ലയ്ക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 33 സ്വർണ്ണം, 28 വെള്ളി, 32 വെങ്കലം എന്നിങ്ങനെ 309 പോയിന്റ് ആണ് മാനന്തവാടി ഉപജില്ലയ്ക്ക് ലഭിച്ചത്. മേളയുടെ തുടക്കം മുതൽ തന്നെ മാനന്തവാടി ബത്തേരി ഉപജില്ലകളുടെ മത്സരമായിരുന്നു. സ്‌കൂൾതലത്തിൽ തലത്തിൽ ഇത്തവണയും കാട്ടിക്കുളം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ കിരീടം ചൂടി. ഒമ്പത് തവണയാണ് കാട്ടിക്കുളം കിരീടം ചൂടുന്നത്. 14 സ്വർണം, 11 വെള്ളി, 9 വെങ്കലം മെഡലുകളുമായി 112 പോയിന്റാണ് കാട്ടിക്കുളം നേടിയത്. മികച്ച മുന്നേറ്റം നടത്തിയ മീനങ്ങാടി 98 പോയിന്റുമായി രണ്ടാം സ്ഥാനം കരസ്ഥമാക്കി. 14 സ്വർണം, ആറ് വെള്ളി , 10 വെങ്കലം മെഡലുകളാണ് മീനങ്ങാടി കരസ്ഥമാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. ജില്ലാ പൊലീസ് മേധാവി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ഒ. സരോജിനി അദ്ധ്യക്ഷയായി. ജില്ലാ വിദ്യാഭ്യാസ ഉപകാരം വി.എ ശശീന്ദ്ര വ്യാസ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീതാവിജയൻ, നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.പി മുസ്തഫ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ തമ്പി, തരിയോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ എം. രാധിക തുടങ്ങിയവർ പങ്കെടുത്തു.