1
അൽക്ക ഷിനോജ്

കോഴിക്കോട്: പാതിയിൽ മുറിഞ്ഞുപോയ അമ്മയുടെ സ്വപ്നസാക്ഷാത്കാരത്തിനായി ട്രാക്കിൽ കുതിച്ച അൽക്ക നേടിയത് ഇരട്ട സ്വർണം.

സബ് ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 600, 400 മീറ്റർ ഓട്ടത്തിലാണ് കുളത്തൂവയൽ സെന്റ്.ജോർജ് എസ്.എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി അൽക്ക ഒന്നാം സ്ഥാനം നേടിയത്. ഓട്ടത്തിലും ചാട്ടത്തിലുമെല്ലാം പങ്കെടുത്തിരുന്ന കായിക താരമായിരുന്നു അൽക്കയുടെ അമ്മ ജിതിന. പല സാഹചര്യങ്ങളാൽ കായിക മോഹം ഉപേക്ഷിച്ചു. തനിക്ക് സാധിക്കാതെ പോയതൊക്കെയും മകളിലൂടെ സാധിച്ചെടുക്കുകയാണ് ഈ വീട്ടമ്മ. കഴിഞ്ഞ വർഷം സബ് ജൂനിയർ 600, 400, 200 മീറ്റർ വിഭാഗങ്ങളിൽ ജില്ലയിൽ ഒന്നാം സ്ഥാനവും ഈ വിഭാഗത്തിൽ തന്നെ സംസ്ഥാനത്ത് വ്യക്തിഗത ചാമ്പ്യൻഷിപ്പ് പട്ടവും അൽക്ക സ്വന്തമാക്കിയിരുന്നു. ഇന്ന് നടക്കുന്ന 200 മീറ്റർ ഓട്ടത്തിലും അൽക്ക ട്രാക്കിലുണ്ടാവും. സ്പോർട്സ് താരം കൂടിയായ കൂരാച്ചൂണ്ട് പുളിവയൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനായ ഷിനോജാണ് അൽക്കയുടെ അച്ഛൻ.