കോഴിക്കോട്: കഴിഞ്ഞ നാലു വർഷവും ആദിത്ത് നടന്നത് സ്വർണത്തിലേക്ക്. സീനിയർ വിഭാഗം 5000 മീറ്റർ നടത്തത്തിലാണ് കുളത്തുവയൽ സെന്റ് ജോർജ് എച്ച്.എസ്.എസിലെ പ്ളസ് വൺ സയൻസ് വിദ്യാർത്ഥി ആദിത്ത് വി അനിൽ തന്റെ ഒന്നാം സ്ഥാനം വീണ്ടുമുറപ്പിച്ചത്. 2023ൽ ബീഹാറിൽ നടന്ന സ്കൂൾ നാഷണൽസിലും ഈ വർഷം ആന്ധ്രാപ്രദേശിൽ നടന്ന സൗത്ത് സോൺ സ്കൂൾ മീറ്റ് മത്സരത്തിലും നടത്തത്തിൽ ആദിത്തിനായിരുന്നു സ്വർണം. കഴിഞ്ഞ അഞ്ച് വർഷമായി ജോർജിയൻ സ്പോർട്സ് അക്കാഡമിയിൽ കെ.എം പീറ്റർ, പി.എം വിജയൻ എന്നിവരുടെ കീഴിലാണ് പരിശീലനം. രാവിലെ ആറ് മുതൽ എട്ടു വരേയും വൈകിട്ട് നാലു മുതൽ ആറ് വരേയുള്ള ചിട്ടയായ പരിശീലനമാണ് വിജയം നേടാൻ സഹായകരമായതെന്ന് ആദിത് പറയുന്നു.സബ് ജില്ല മുതൽ നാഷണൽ തലത്തിൽ നിന്നായി 14 ലേറെ സ്വർണം മെഡൽ നേടി. ചക്കിട്ടപ്പാറ വാഴവളപ്പിൽ അനിൽ കുമാറിന്റെയും ലിജിയുടെയും മകനാണ്. സൈന്യത്തിൽ ചേരണമെന്നാണ് മോഹം.