ഒരു മണിക്കൂറിൽ 18 എം ക്യൂബ് കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കും
കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ആവിഷ്‌കരിച്ച ടൗൺഷിപ്പ് പദ്ധതിയിൽ
കോൺക്രീറ്റ് മിക്സിംഗ് പ്ലാന്റ് പ്രവർത്തന സജ്ജമായി. അടുത്ത ദിവസം തന്നെ യൂണിറ്റിന്റെ പ്രവർത്തനം തുടങ്ങും. നിർമ്മാണ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായി. ഒരു മണിക്കൂറിൽ 18 എം. ക്യൂബ് കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കാൻ കഴിയുന്ന തരത്തിലാണ് കോൺക്രീറ്റ് മിക്സിംഗ് പ്ലാന്റ് പ്രവർത്തിക്കുക. ഇതോടെ പ്രതിദിനം ഏഴു വീടുകൾ എന്ന ക്രമത്തിൽ കോൺക്രീറ്റ് ചെയ്യാൻ കഴിയും. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കുന്നതിനാണ് താത്ക്കാലിക പ്ലാന്റ് തയ്യാറാക്കിയത്.
ടൗൺഷിപ്പ് പദ്ധതിയിലേക്ക് ആവശ്യമായ കോൺക്രീറ്റ് മിശ്രിതം ഇപ്പോൾ മീനങ്ങാടിയിൽ നിന്നുമാണ് തയ്യാറാക്കുന്നത്. ഇത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിടുന്നതിന് കാരണമാകുന്നുണ്ട്. ഇതേ തുടർന്നാണ് പ്രത്യേക അനുമതിയോടെ ടൗൺഷിപ്പിൽ തന്നെ പ്ലാന്റ് ആരംഭിക്കുന്നത്. രണ്ടാഴ്ച മുൻപാണ് പ്ലാന്റിന്റെ നിർമ്മാണം ആരംഭിച്ചത്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്ലാന്റ് സ്ഥാപിച്ചത്. അഞ്ച് സോണുകളിലും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കൂടുതൽ വീടുകൾ നിർമ്മിക്കുന്നത് ഒന്ന്, രണ്ട് സോണുകളിലാണ്. 'ഒന്നാം സോണിൽ 140 വീടുകളും രണ്ടാം സോണിൽ 113 വീടുകളുടെയും നിർമ്മാണമാണ് പൂർത്തീകരണ ഘട്ടത്തിലേക്ക് എത്തുന്നത്. മറ്റ് സോണുകളിലും നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാണ് നടക്കുന്നത്.