പേരാമ്പ്ര: പേരാമ്പ്രയിലെ സംഘർഷത്തിന്റെ പേരിൽ പൊലീസ് യു.ഡി.എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ പേരാമ്പ്ര ഡി.വൈ.എസ്.പി ഓഫീസിന് മുന്നിൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്തു. സമാധാനപരമായ പ്രകടനത്തിൽ കടന്നുകയറി ഷാഫിയെ തിരഞ്ഞുപിടിച്ച് അടിക്കുകയായിരുന്നുവെന്നും ഇങ്ങനെ യുദ്ധ സമാനമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ഈ സാഹചര്യം സൃഷ്ടിക്കാൻ, ടിയർഗ്യാസ് ഷെല്ലും ഗ്രനേഡും എറിയാൻ പൊലീസിന് അനുമതി കൊടുത്തത് ആരാണെന്നും അദ്ദേഹം ചോദിച്ചു. ഷാഫി എം.പി ആയതിനു ശേഷം മൂന്നുവട്ടം അക്രമിക്കാൻ ശ്രമിച്ചു,. ഇത് ബോധപൂർവം സി.പി.എമ്മിന്റെ അനുമതിയോടു കൂടി നടത്തിയതാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ കെ. ബാലനാരായണൻ അദ്ധ്യക്ഷത വഹിച്ചു. പാറക്കൽ അബ്ദുള്ള, എൻ വേണു, വി. ജോർജ്ജ്, കെ. പ്രവീൺ കുമാർ, ടി.ടി ഇസ്മയിൽ, കെ.സി അബു, കെ.എം അഭിജിത്ത്, രാജീവ് തോമസ്, സത്യൻ കടിയങ്ങാട് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ യു.ഡി.എഫ് കൺവീനർ അഹമ്മദ് പുന്നക്കൽ സ്വാഗതവും ടി.കെ ഇബ്രാഹിം നന്ദിയും പറഞ്ഞു.