news-
ഏച്ചിൽ കണ്ടി ബിജു

കുറ്റ്യാടി: പ്രാർത്ഥനകളും അശ്രാന്ത പരിശ്രമങ്ങളും വെറുതെയാക്കി നാടിനെ തീരാദു:ഖത്തിലാഴ്ത്തി ഏച്ചിൽകണ്ടി ബിജു (44)​ യാത്രയായി. കരൾ രോഗബാധിതനായി ദീർഘനാളുകളായി ചികിത്സയിലായിരുന്ന ബിജു കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ട് മാസം ഒന്നായി. നാട്ടുകാരുടെയും,വിവിധ രാഷ്ട്രീയ സംഘടനകളുടെയും, ജനപ്രതിനിധികളുടെയും,സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ രൂപം കൊണ്ട ജനകീയ ചികിത്സാ സഹായ കമ്മിറ്റിയുടെ സഹായത്തോടെയായിരുന്നു ചികിത്സാച്ചെലവുകൾ കണ്ടെത്തിയിരുന്നത്. സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന ബിജുവിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരുന്ന ഉറ്റവർക്കും പ്രിയപ്പെട്ടവർക്കും തികച്ചും അപ്രതീക്ഷിതമായിരുന്നു ബിജുവിന്റെ വിയോഗവാർത്ത. നരിപ്പറ്റ ആർ.എൻ.എം.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർത്ഥിയായ അഭിനയ് ബിജുവും മരുതോങ്കര ഡോ : ബി.ആർ. അംബേദ്കർ മോഡൽ റെസിഡൻഷ്യൽ ഗേൾസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി നക്ഷത്ര ബിജുവുമാണ് മക്കൾ. ഭാര്യ: അഖില. അച്ഛൻ: ആലംകുന്നുമ്മൽ കുഞ്ഞിക്കണ്ണൻ. അമ്മ: ജാനു. സഹോദരങ്ങൾ: ബിനു, ബൈജു. സഞ്ചയനം ഞായറാഴ്ച.